തിരുവനന്തപുരം: വ്യവസായ വകുപ്പ് മന്ത്രിയുടെ ഓഫീസിനെതിരെ 15 കോടിയുടെ അഴിമതി ആരോപണം. പിന്‍വാതില്‍ നിയമനത്തിനായി മന്ത്രിയുടെ ഓഫീസ് അഴിമതി നടത്തിയെന്നാണ് ആരോപണം. പ്രതിപക്ഷ എം.എല്‍.എ പി.സി വിഷ്ണുനാദ് നിയമസഭയില്‍ വോട്ട് ഓണ്‍ അക്കൗണ്ടില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ഈ ആരോപണം ഉന്നയിച്ചത്.

വ്യവസായ വകുപ്പില്‍ ഒമ്പത് പൊതുമേഖലാ സ്ഥാപനങ്ങളിലായി 1919 നിയമനങ്ങള്‍ പിന്‍വാതിലിലൂടെ നടന്നിട്ടുണ്ട്. ഇതിന് വേണ്ടിയാണ് പണം വാങ്ങിയത്. സര്‍ക്കാറിന്റെ പല വകുപ്പുകളിലും പിന്‍വാതില്‍ നിയമനം വ്യാപകമാണ്. സി.ഡിറ്റില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് അനധികൃത നിയമനം നടക്കുന്നത്. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയുടെ മകനും ഇത്തരത്തില്‍ അനധികൃതമായി ജോലി ലഭിച്ചിട്ടുണ്ട്. ധനവകുപ്പിന്റെ നിര്‍ദേശം മറികടന്നാണ് ഈ നിയമനം.

കണ്‍സ്യൂമര്‍ ഫെഡില്‍ ഹൈക്കോടതി ഉത്തരവ് കാറ്റില്‍പറത്തിയാണ് നിയമനം നടക്കുന്നതെന്നും വിഷ്ണുനാദ് പറഞ്ഞു. ഉത്തമവിശ്വാസത്തോടെയും ഉത്തരവാദിത്തത്തോടെയുമാണ് താന്‍ ആരോപണമുന്നയിക്കുന്നതെന്നും അദ്ദേഹം സഭയെ അറിയിച്ചു.