തിരുവനന്തപുരം: കോഴിക്കോട് എസ്.പി രാധാകൃഷ്ണപിള്ള എല്‍.ഡി.എഫിന് വേണ്ടി പ്രചാരണം നടത്തിയെന്ന പി.സി ജോര്‍ജ്ജിന്റെ പരാമര്‍ശത്തെ തുടര്‍ന്ന് സഭയില്‍ പ്രതിപക്ഷ ബഹളം. പി.സി ജോര്‍ജ്ജിന്റെ ചോദ്യത്തില്‍ ദുസ്സൂചനയുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇതേ തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി.

എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നേരെ വെടിവെച്ച കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണര്‍ രാധാകൃഷ്ണപിള്ള കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുന്‍മന്ത്രി പ്രമേചന്ദ്രനുവേണ്ടി ചവറയില്‍ പ്രചരണത്തിനിറങ്ങിയിരുന്നെന്ന ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ പ്രസ്താവനയാണ് ബഹളത്തിനിടയാക്കിയത്.

Subscribe Us:

എന്നാല്‍ പി.സി ജോര്‍ജ്ജ് പ്രസ്താവനയ്ക്ക് തെളിവും നല്‍കുകയോ പരാമര്‍ശം പിന്‍വലിക്കുകയോ ചെയ്തില്ലെങ്കില്‍ പരാമര്‍ശം സഭാ രേഖകളില്‍ നിന്നും നീക്കം ചെയ്യണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് പി.സി ജോര്‍ജ്ജ് പരാമര്‍ശം പിന്‍വലിക്കുന്നതായി അറിയിച്ചു.

തിരഞ്ഞെടുപ്പില്‍ ആരൊക്കെ ആര്‍ക്കൊക്കെ വേണ്ടിപ്രവര്‍ത്തിച്ചെന്ന പട്ടിക സര്‍ക്കാരിന്റെ കൈവശം ഇല്ലെന്നും പി.സി ജോര്‍ജ് പറഞ്ഞതിനു തെളിവില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.