Administrator
Administrator
ജോര്‍ജ്ജിന്റെ ‘ബോംബ്’ രാഷ്ട്രീയം
Administrator
Saturday 10th March 2012 4:50pm


റഫീഖ് മൊയ്തീന്‍

കേരള രാഷ്ട്രീയത്തില്‍ ഇപ്പോഴത്തെ താരം ആരെന്ന് ചോദിച്ചാല്‍ ഒരു സംശയവും വേണ്ട-പി.സി ജോര്‍ജ്ജാണ് താരം. ഇന്ന് രാഷ്ട്രീയം കളിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ക്കുള്ളത്ര കൂര്‍മ്മത കോണ്‍ഗ്രസുകാര്‍ക്കില്ലെന്ന് ഇനിയാരും പറയില്ല-പ്രത്യേകിച്ച് കേരളാ കോണ്‍ഗ്രസ്സുകാര്‍ക്ക്. എണ്ണിച്ചുട്ട അപ്പം പോലോത്ത അംഗങ്ങളുമായി ഈ സര്‍ക്കാര്‍ അധികാരമേറ്റെടുത്തത് മുതല്‍ പി.സി ജോര്‍ജ്ജുണ്ട് യു.ഡി.എഫിന്റെ കാരണവരായി എല്ലാത്തിനും മുന്നില്‍. വീണു വീണില്ല എന്ന മട്ടില്‍ നീങ്ങിക്കൊണ്ടിരിക്കുന്ന യു.ഡി.എഫ് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയ നടപടികളെയും കേസുകളെയും ആരോപണങ്ങളെയുമെല്ലാം പ്രതിരോധക്കാന്‍ ഏറ്റവും മുന്‍പിലുണ്ടായിരുന്നത് പി.സി ജോര്‍ജ്ജായിരുന്നു.

പാമൊലിനില്‍ കേസ് പരിഗണിച്ച ജഡ്ജിയെ പത്രസമ്മേളനം നടത്തി ജോര്‍ജ്ജ് ഓടിച്ചു, വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ കൈയ്യേറ്റം ചെയ്തുവെന്ന് പറഞ്ഞ് രാജേഷിനെ കരയിച്ചു…. അങ്ങിനെ പോകുന്നു ഈ ചീഫ്‌വിപ്പിന്റെ അടവുകള്‍. ഏറ്റവും ഒടുവില്‍ ഇപ്പോള്‍ കേരളാ രാഷ്ട്രീയം നിര്‍ണ്ണായകമായ ഘട്ടത്തില്‍ നില്‍ക്കെ, ഒരു ഈച്ച പോലും അറിയാതെ കേഡര്‍ പാര്‍ട്ടിയായ സി.പി.ഐ.എമ്മില്‍ നിന്നും ഒരു എം.എല്‍.എയെ തന്നെ ജോര്‍ജ്ജ് വിലക്കെടുത്തിരിക്കുന്നു!

സി.പി.ഐ.എമ്മുകാര്‍ക്ക് ഒരു ചുക്കും അറിയില്ല എന്നു പറയുന്നത് വെറുതെയല്ല, നെയ്യാറ്റിന്‍കര എം.എല്‍.എ ആര്‍.ശെല്‍വരാജിന്റെ രാജിവാര്‍ത്ത അറിയുന്ന സി.പി.ഐ.എം നേതാക്കളെല്ലാം മൂക്കത്ത് വിരല്‍ വെക്കുന്ന ചിത്രം നമ്മള്‍ കണ്ടു. ഇന്നലെ പോലും ഞാന്‍ സംസാരിച്ചതാണല്ലോ, ഒരു സൂചന പോലും നല്‍കിയില്ലല്ലോ എന്ന് തിരുവനന്തപുരത്തെ ജില്ലാ നേതാക്കള്‍ പരിതപിച്ചു. രാജിക്കു പിന്നിലെന്തെന്നും ആരെന്നും കണ്ടെത്താന്‍ ചാനലുകളില്‍ കൊണ്ടുപിടിച്ച ചര്‍ച്ച നടക്കവെ, രാജിവെച്ച അന്നേദിവസം പുലര്‍ച്ചെ ശെല്‍വരാജന്‍ ഒരു യു.ഡി.എഫ് നേതാവിനൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ടെന്ന് പ്രതിപക്ഷ നേതാവ് അച്യുതാനന്ദന്‍ ആരോപിച്ചു. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രിയെ കണ്ട യു.ഡി.എഫ് നേതാവ് പി.സി ജോര്‍ജ്ജാണെന്ന അഭ്യൂഹം ഉണ്ടായി.

വാര്‍ത്തയെക്കുറിച്ച് ഉച്ചയ്ക്ക് പി.സി ജോര്‍ജ്ജിനോട് അന്വേഷിച്ചപ്പോള്‍, അച്യുതാനന്ദന്റെ ആരോപണം നിഷേധിക്കുകയും ഇന്ന് താന്‍ ആരുടെയും കൂടെ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ശെല്‍വരാജിന്റെ കാര്യത്തിലേക്ക് തന്നെ വലിച്ചിഴക്കരുതെന്ന് അപേക്ഷിച്ചു. കൂടാതെ, ആരോപണം ഉന്നയിച്ച് പ്രതിപക്ഷ നേതാവിനെ കുറ്റപ്പെടുത്തുകയും ചെയ്തു. എന്നാല്‍, വൈകുന്നേരമായപ്പോഴേക്കും ജോര്‍ജ്ജ് സത്യം പറഞ്ഞു. ശെല്‍വരാജ് രാജിവെച്ച ദിവസം ഒന്‍പത് മണിയോടെ താന്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നെന്നും എന്നാല്‍ മറ്റൊരു കാര്യത്തിനായിരുന്നു തന്റെ സന്ദര്‍ശനമെന്നും ജോര്‍ജ്ജ് കുമ്പസരിച്ചു. താനിതുവരെ ശെല്‍വരാജിനൊപ്പം യാത്ര ചെയ്തിട്ടു പോലുമില്ലെന്ന് ആണയിട്ടു.

ഇതുകൂടാതെ, ജോര്‍ജ്ജിന്റെ അടുത്ത കാലത്തെ പ്രസംഗങ്ങള്‍ എടുത്ത് ഗവേഷണം നടത്തിയ ചാനലുകാര്‍ ഒരു ബോംബ് കണ്ടെത്തി. ശെല്‍വരാജിന്റെ രാജി ഒരാഴ്ച മുമ്പേ ജോര്‍ജ്ജ് പ്രവചിച്ചിരുന്നു! മാര്‍ച്ച് രണ്ടിന് മല്ലപ്പള്ളി തുരുത്തിക്കാട് ബി.എം കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഗമത്തില്‍ പി.സി ജോര്‍ജ്ജ് നടത്തിയ പ്രസംഗമാണ് ഇത് തെളിയിക്കുന്നത്. വരുന്ന ഒരാഴ്ചക്കുള്ളില്‍ കേരള രാഷ്ട്രീയം എങ്ങോട്ട് പോകുമെന്ന് അറിയാമെന്നും അത് പിറവം തിരഞ്ഞെടുപ്പല്ലെന്നുമാണ് പി.സി ജോര്‍ജ്ജ് പ്രസംഗത്തില്‍ പറഞ്ഞത്. ആകാംഷയോടെ കാത്തിരിക്കുക, കൂടുതല്‍ വിശദീകരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശെല്‍വരാജിന്റെ രാജിയെക്കുറിച്ചുള്ള പി.സി ജോര്‍ജ്ജിന്റെ ക്ലൂ ആയിരുന്നു ആ പ്രസംഗം എന്നാണ് ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്.

പ്രസ്തുത പ്രസംഗത്തിന്റെ ക്ലിപ്പുകള്‍ ചാനലുകള്‍ ആവര്‍ത്തിച്ചു കാണിച്ചപ്പോള്‍ ജോര്‍ജ്ജ് പ്രതികരിച്ചു. വരുന്ന ഒരു മാസത്തിനുള്ളില്‍ കേരള രാഷ്ട്രീയത്തില്‍ വലിയ വലിയ ബോംബുകള്‍ പൊട്ടാന്‍ പോകുകയാണെന്ന് തന്നെ ജോര്‍ജ്ജ് തുറന്നടിച്ചു.  ബോംബെന്നും പറഞ്ഞ് ജോര്‍ജ്ജ് രംഗത്തു വന്നതോടെ, ബലകൃഷ്ണപിള്ളയും അതേറ്റു പിടിച്ചിരിക്കുകാണ്. ‘കഴിഞ്ഞ രണ്ടു മൂന്ന് കൊല്ലമായി ഒരു പാട് ബോംബുകള്‍ പൊട്ടിയിട്ടില്ലേ? സിന്ധു ജോയി, ശിവരാമന്‍, മനോജ് കുരിശിങ്കല്‍, സെബാസ്റ്റിയന്‍ പോള്‍ പോയതിനു ശേഷം തിരിച്ചു കയറി, ഇപ്പോള്‍ ശെല്‍വരാജും പോയി. പൊട്ടിക്കൊണ്ടിരിക്കുന്ന ബോംബുകളില്‍ ഒന്നു മാത്രമാണ് ഇത്. ബോംബ് ഇനിയും ശേഖരിച്ചിട്ടുണ്ടെങ്കില്‍ അതും പൊട്ടും’ ആര്‍.ബാലകൃഷ്ണ പിള്ളയും പറഞ്ഞിരിക്കുകയാണ്. ബോംബ് കൈയ്യില്‍ വെച്ച് പൊട്ടാതിരിക്കാന്‍ മാത്രം യു.ഡി.എഫ് ശ്രദ്ധിച്ചാല്‍ മതി.

ഇതോടെ, യു.ഡി.എഫ് നേതൃത്വത്തിനു വേണ്ടി ആര്‍.ശെല്‍വരാജിന്റെ നാടകീയ രാജിക്ക് പിന്നില്‍ കളിച്ചത് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്ജാണെന്ന് വ്യക്തമായിരിക്കുകയാണ്. ശെല്‍വരാജിന്റെ രാജിക്ക് ചരട് വലിച്ചത് പി.സി ജോര്‍ജാണെന്നും രാജിവെക്കാന്‍ കോടികള്‍ കൈമാറിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍ വെച്ചാണെന്നും ഇന്ന് വി.എസ് പറഞ്ഞു. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ യു.ഡി.എഫിലെ നാല് എം.എല്‍.എമാര്‍ രാജിവെക്കുമെന്ന സൂചനയുള്ളതാണ് എല്‍.ഡി.എഫ് എം.എല്‍.എയെ വിലക്കെടുക്കാന്‍ കാരണമായതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. രാജിവെച്ച എം.എല്‍.എ യു.ഡി.എഫിലേക്ക് മാറാന്‍ തയ്യാറാണെന്ന് സൂചന നല്‍കിയതും ഗൂഢാലോചനയുടെ ഭാഗമാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

പി.സി ജോര്‍ജ്ജിന് കേരളാ രാഷ്ട്രീയത്തില്‍ ഇപ്പോള്‍ പൊന്നുവിലയാണെന്ന് എല്ലാവര്‍ക്കുമറിയാം. ഒരുപാട് ബോംബ് പൊട്ടിക്കാനുണ്ടെന്ന് ജോര്‍ജ്ജ് പറുകയും ചെയ്തു. സി.പി.ഐ.എമ്മാണ് പാര്‍ട്ടി, പിണറായിയാണ് നേതാവ്-പി.സി ജോര്‍ജ്ജിനെ കമ്യൂണിസ്റ്റുകാര്‍ വിലക്കെടുത്ത് കഴിഞ്ഞാല്‍ പിന്നെ പറഞ്ഞിട്ടു കാര്യമില്ല. സൂക്ഷിച്ചാല്‍ യു.ഡി.എഫിന് നന്ന്.

ശെല്‍വരാജിന്റെ രാജിയുമായി ബന്ധമില്ല; മുഖ്യമന്ത്രിയെ കണ്ടെന്നും ഇല്ലെന്നും പി.സി ജോര്‍ജ്ജ്

Malayalam news

Kerala news in English

Advertisement