തിരുവനന്തപുരം: ഇരട്ടപദവി വഹിക്കാന്‍ താന്‍ അയോഗ്യനെങ്കില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും അയോഗ്യനാണെന്ന് പി.സി. ജോര്‍ജ് എംഎല്‍എ. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പി.സി. ജോര്‍ജ്. വിജിലന്‍സ് കോടതി ജഡ്ജിക്കെതിരേ അയച്ച പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായി പി.സി. ജോര്‍ജ് പറഞ്ഞു.

കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫുമായി തനിക്ക് ഒരു പിണക്കവുമില്ലെന്നും അദ്ദേഹം പറഞ്ഞു.ജോര്‍ജിന്റെ ആരോപണങ്ങളെ നിഷേധിച്ച് പി.ജെ. ജോസഫ് കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തെത്തിയിരുന്നു.

വി.എസ് അച്യുതാനന്ദനും, പിണറായി വിജയനും, തോമസ് ഐസക്കുമാണ് താന്‍ രാജിവെക്കണമെന്നാവശ്യമുന്നയിച്ചത്. തന്റെ കത്ത് വായിച്ചുപോലും നോക്കാതെയാണ് അവര്‍ രാജിവെക്കണമെന്ന് പറഞ്ഞത്. എന്നാല്‍ തന്റെ വിശദീകരണം കേട്ടതോടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയവര്‍ പിന്നോട്ട് പോയി.

തന്റെ പരാതി വിവാദമാക്കുന്നത് ദുഃഖകരമാണ്. ഒരു നിയമതടസവും പരാതിഅയച്ചതിലില്ല. കോടതിയെ കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന ആഗ്രഹമുള്ളതുകൊണ്ടാണ് താന്‍ പരാതി നല്‍കിയത്. ഇതുപോലൊരു പരാതി നല്‍കിയ കീഴ്‌വഴക്കമില്ലെന്ന് പറയുന്നു. കീഴ്‌വഴക്കം നമ്മളുണ്ടാക്കുന്നതാണ്. അത് ഉണ്ടായിവരുന്നതല്ല.

തനിക്കെതിരെ പ്രോസിക്യൂഷന്‍ നടപടി ആവശ്യപ്പെട്ട് ഇന്ത്യന്‍ അഭിഭാഷകരുടെ അസോസിയേഷന്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതി നല്‍കിയവരില്‍ ചിലര്‍ കോടതി നടപടിക്കെതിരെ പ്രസിഡന്റിന് പരാതി നല്‍കിയതായി തനിക്കറിയാമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

സുപ്രീംകോടതിയിലും മറ്റും പരാതി നല്‍കുമ്പോള്‍ പരാതി നല്‍കുന്ന ആള്‍ ആരാണെന്ന് പൂര്‍ണമായി വ്യക്തമാക്കണം. അതുകൊണ്ടാണ് ചീഫ് വിപ്പിന്റെ ലെറ്റര്‍പാഡില്‍ പരാതി അയച്ചതെന്ന് പി.സി. ജോര്‍ജ് വിശദീകരിച്ചു. പൊതുസമൂഹത്തില്‍ ആശങ്കയുള്ള പൗരനെന്ന നിലയിലാണ് പരാതി അയയ്ക്കുന്നതെന്ന് പരാതിയുടെ ആദ്യം തന്നെ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ സ്വന്തം മേല്‍വിലാസത്തില്‍ എന്തുകൊണ്ട് പരാതി അയച്ചില്ലെന്ന ചോദ്യത്തിന് തനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങളാണ് താന്‍ ചെയ്യുന്നതെന്നായിരുന്നു പി.സി. ജോര്‍ജിന്റെ മറുപടി.