തിരുവനന്തപ്പുരം: പാമൊലില്‍ കേസിലെ ജഡ്ജിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളുമായി മുന്നോട്ട് പോകുമെന്ന് പി.സി.ജോര്‍ജ്ജ് വ്യക്തമാക്കി. പാമോലിന്‍ കേസ് പരിഗണിക്കുന്നതില്‍ നിന്നും തിരുവനന്തപുരം വിജിലന്‍സ് ജഡ്ജി പി.കെ.ഹനീഫ പിന്മാറിയ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു പി.സി.ജോര്‍ജ്ജ്. നവംബറില്‍ പരിഗണിക്കേണ്ട കേസ് എന്തുകൊണ്ടാണ് ഇപ്പോള്‍ വിളിച്ചു ചേര്‍ത്തതെന്നും കേസ് ഇപ്പോള്‍ പരിഗണിച്ചതില്‍ അപാകതയുണ്ടെന്നും പി.സി.ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.

പാമൊലിന്‍ കേസില്‍ നിന്നും ജഡ്ജികള്‍ പിന്മാറുന്നത് സാധാരണമാണെന്ന് വാര്‍ത്തയോട് ടി.എച്ച് മുസ്തഫ പ്രതികരിച്ചു. ജസ്റ്റിസ് എന്‍.കെ.ബലകൃഷ്ണന്‍ മിനിയാന്ന് കേസില്‍ നിന്നും പിന്മാറിയിട്ടുണ്ടെന്നും കേസിലെ രണ്ടാം പ്രതിയായ ടി.എച്ച് മുസ്തഫ ചൂണ്ടിക്കാട്ടി.

അതേസമയം, ജീവഭയമുള്ളതിനാലാണ് ജഡ്ജി കേസില്‍ നിന്നും പിന്മാറിയതെന്ന് സി.പി.ഐ.എം. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്‍ പറഞ്ഞു.

പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും ആഗ്രഹിച്ചതു പോലെ നടന്നെന്ന് സി.പി.ഐ.എം. സംസ്ഥാന സമിതി അംഗം എം.വി.ജയരാജന്‍ പറഞ്ഞു. സര്‍ക്കാര്‍ ജുഡീഷ്യറിയെ ഭീഷണിപ്പെടുത്തുകയാണെന്നും എം.വി.ജയരാജന്‍ ആരോപിച്ചു.