തിരുവനന്തപ്പുരം: പാമൊലിന്‍ കേസ് ജഡ്ജിക്കെതിരെ ചീഫ് വിപ്പ് പി. സി. ജോര്‍ജ്ജ് രാഷ്ട്രപതിക്ക് കത്തയച്ചു. വിജിലന്‍സ് പാമൊലിന്‍ കേസിന്റെ വിധിപ്രഖ്യാപനത്തില്‍ അപാകതയുണ്ടെന്നു കാണിച്ചാണ് കത്ത്. വിജിലന്‍സ് കോടതി ജഡ്ജിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് കത്തിലുള്ളത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ്, മുഖ്യമന്ത്രി, ഗവര്‍ണ്ണര്‍ എന്നിവര്‍ക്കും കത്തിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്.

പാമോയില്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന വിജിലന്‍സ് ജഡ്ജിയുടെ ഉത്തരവ് നടപടിക്രമങ്ങള്‍ തെറ്റിച്ചാണെന്നും സാക്ഷി മാത്രമായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കാന്‍ ജഡ്ജി ശ്രമിക്കുകയാണെന്നും വിധികര്‍ത്താവ് തന്നെ അന്വേഷകനാവുകയാണെന്നും പരാതിയില്‍ പറയുന്നു. ജഡ്ജിക്ക് പ്രത്യേക ഉദ്യേശ്യ ലക്ഷ്യങ്ങള്‍ ഉണ്ട്, ഈ ജഡ്ജിയുടെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. പദവിയില്‍ തുടരാന്‍ ജഡ്ജിക്ക് അധികാരമില്ലെന്നും ജഡ്ജിക്കെതിരെ നടപടിയെടുക്കണമെന്നും പി. സി. ജോര്‍ജ്ജ് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.