തിരുവനന്തപുരം: ഇന്നു രാവിലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്ന് പി.സി ജോര്‍ജ്ജ്. കായംകുളത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ കൂടിക്കാഴ്ചക്ക് ശെല്‍വരാജിന്റെ രാജിയുമായി ബന്ധമില്ലെന്നും താനിതുവരെ ശെല്‍വരാജിനൊപ്പം യാത്ര ചെയ്തിട്ടില്ലെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.

എം.എല്‍.എ സ്ഥാനവും സി.പി.ഐ.എം അംഗത്വവും ആര്‍. ശെല്‍വരാജ് രാജിവെച്ച വാര്‍ത്തയോട് പ്രതികരിക്കവെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനാണ്, രാജിവെച്ച നെയ്യാറ്റിന്‍കര എം.എല്‍.എ ഇന്ന് പുലര്‍ച്ചെ ഒരു യു.ഡി.എഫ് നേതാവിനൊപ്പം മുഖ്യമന്ത്രിയെ കണ്ടിരുന്നുവെന്ന് ആരോപിച്ചത്. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രിയെ കണ്ട യു.ഡി.എഫ് നേതാവ് പി.സി ജോര്‍ജ്ജാണെന്ന അഭ്യൂഹം ഉണ്ടായി.

ഇക്കാര്യത്തെക്കുറിച്ച് പി.സി ജോര്‍ജ്ജിനോട് ഉച്ചയ്ക്ക് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, ഇന്ന് താന്‍ ആരുടെയും കൂടെ മുഖ്യമന്ത്രിയ സന്ദര്‍ശിച്ചിട്ടില്ലെന്നായിരുന്നു മറുപടി. കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത നിഷേധിച്ച പി.സി ജോര്‍ജ്ജ്, ശെല്‍വരാജിന്റെ കാര്യത്തിലേക്ക് തന്നെ വലിച്ചിഴക്കരുതെന്നും ആവശ്യപ്പെട്ടു. സഖാവ് വി.എസ് ഇങ്ങനെ ഒരാരോപണം ഉന്നയിക്കരുതായിരുന്നു. വി.എസ് നന്ദികേട് പറുകയാണ്. ഇത് മൂന്നാം തരം നടപടിയായിപ്പോയി എന്നും കുറ്റപ്പെടുത്തുകയും ചെയ്തു.

എന്നാല്‍ വൈകുന്നേരം 4.30 ഓടെ ഇക്കാര്യത്തെക്കുറിച്ച് വീണ്ടും അന്വേഷിച്ച മാധ്യമപ്രവര്‍ത്തകരോട് താന്‍ രാവിലെ മുഖ്യമന്ത്രിയെ കണ്ടതായി പി.സി ജോര്‍ജ്ജ് സമ്മതിക്കുകയായിരുന്നു. രാവിലെ ഒന്‍പത് മണിക്കാണ് ഞാന്‍ മുഖ്യമന്ത്രിയെ കണ്ടത്. എരുമേലി ടൗണ്‍ഷിപ്പുമായി ബന്ധപ്പെട്ട കാര്യത്തിനായിരുന്നു കൂടിക്കാഴ്ചയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Malayalam news

Kerala news in English