തിരുവന്തപുരം: ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കുന്നതരത്തില്‍ പ്രസ്താവന നടത്തിയതിനും പേര് വെളിപ്പെടുത്തിയതിനും പി.സി ജോര്‍ജ് എം.എല്‍.എക്കെതിരെ കേസ് രജിസ്ട്രര്‍ ചെയ്തു.

അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നതിന് നടി പി.സി ജോര്‍ജിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ജോര്‍ജിനെതിരെ കേസ് രജിസ്ട്രര്‍ ചെയ്തത്.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇരയായ നടിയെ അധിക്ഷേപിച്ച് പലതവണ പി.സി ജോര്‍ജ് രംഗത്തുവന്നിരുന്നു. ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി വനിതാ കമ്മീഷന്‍ മുന്നോട്ടുവന്നപ്പോള്‍ കമ്മീഷനെയും അധിക്ഷേപിക്കുന്ന സമീപനമാണ് പി.സി ജോര്‍ജ് സ്വീകരിച്ചത്.


read it പരുക്കേറ്റവരുടെ കയ്യില്‍ പണമുണ്ടോയെന്ന് നോക്കിയല്ല ചികിത്സിക്കേണ്ടത്; ചികിത്സ നല്‍കാത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി


വനിതാകമ്മീഷനെന്നു കേട്ടാല്‍ ഭയങ്കര പേടിയാണെന്നും അല്‍പ്പം ഉള്ളി കിട്ടിയാല്‍ കരയാമായിരുന്നെന്നും പി.സി ജോര്‍ജ് പരിഹസിച്ചിരുന്നു. കമ്മീഷന്‍ ആദ്യം വനിതകളുടെ കാര്യമാണ് നോക്കേണ്ടതെന്നും, നല്ല കാര്യങ്ങളൊക്കെ ചെയ്തിട്ട് വന്നാല്‍ താന്‍ സഹകരിക്കാമെന്നും പി.സി പറഞ്ഞിരുന്നു.

പാവപ്പെട്ട പുരുഷന്മാര്‍ക്ക് ഇവിടെ ജീവിക്കണ്ടേ? മാന്യമായി ജീവിക്കുന്ന സ്ത്രീകള്‍ക്കായി ഉണ്ടാക്കിയ നിയമങ്ങള്‍ വെറും തറപ്പെണ്ണുങ്ങള്‍ ഇറങ്ങി നശിപ്പിക്കുകയാണ്. അവളുമാരുടെയൊക്കെ തനിനിറം കമ്മീഷനു മൊഴിയിലൂടെ പുറത്ത് കൊണ്ടുവരുമെന്നും പി.സി ജോര്‍ജ് പറഞ്ഞിരുന്നു.

ഇതിനു പിന്നാലെ സാമൂഹിക സാംസ്‌കാരിക രംഗത്തുനിന്നും പി.സി ജോര്‍ജിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ജോര്‍ജിന്റെ പരാമര്‍ശങ്ങളെ വിമര്‍ശിച്ച് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും രംഗത്തുവന്നിരുന്നു.