Categories

‘തോക്ക് ഇനിയും എടുക്കും, ബോംബ് കയ്യിലുണ്ടേല്‍ അതും എടുക്കും; തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ വിശദീകരണവുമായി പി.സി ജോര്‍ജ്ജ്


കോഴിക്കോട്: എസ്റ്റേറ്റ് തൊഴിലാളികളെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ വിശദീകരണവുമായി പി.സി ജോര്‍ജ്ജ് എം.എല്‍.എ. തന്‍െ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആണ് പി.സിയുടെ വിശദീകരണം

കയറിക്കിടക്കാന്‍ സ്വന്തമായി ഒരു സെന്റ് ഭൂമി പോലുമില്ലാതെ ആറിന്റെ ഓരത്ത് പുറമ്പോക്കില്‍ താമസിക്കുന്ന 52 കുടുംബങ്ങളിലെ പാവപ്പെട്ടവര്‍ക്ക് വേണ്ടിയാണ് മുണ്ടക്കയത്ത് ഹാരിസണ്‍ എസ്റ്റേറ്റില്‍ പോയത്
ഇവന്മാരുടെ ഗുണ്ടായിസവും കണ്ട് അവിടെയുള്ള 52 കുടുംബങ്ങളെ സംരക്ഷിക്കാന്‍ കഴിയാതെ ഞാന്‍ അവിടെനിന്ന് പോയാല്‍, പിന്നെ ഞാന്‍ എന്ത് ജനപ്രതിനിധിയാ. പി.സി ജോര്‍ജ് പറയുന്നു.


Also Read: ‘സ്വന്തം നിലയ്ക്ക് നടിക്ക് പിന്തുണ നല്‍കാനുള്ള ശേഷിയും കരുത്തുമുണ്ട്’; അമ്മയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് വനിത താരങ്ങളുടെ കൂട്ടായ്മ


എന്റെ അടുക്കല്‍ പരാതിയുമായി വരുന്ന 52 കുടുംബങ്ങളല്ല ഇനി അത് ഒരു കുടുംബമാണെങ്കിലും പാവപ്പെട്ടവനെ ജീവിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ബോംബ് കയ്യിലുണ്ടേല്‍ അതും എടുക്കും. പി.സി പറയുന്നു. എസ്റ്റേറ്റില്‍ കുടില്‍ കെട്ടിയ കുടംബങ്ങളുടെ സ്ഥിതി വ്യക്തമാക്കുന്ന ചിത്രങ്ങള്‍ സഹിതമാണ് പി.സിയുടെ പോസ്റ്റ്

മുണ്ടക്കയത്ത് ഹാരിസന്റെ ഭൂമിയുടെ ഭാഗമായിട്ടുള്ള വെള്ളനാട് എസ്റ്റേറ്റിലെ തൊഴിലാളികളെയാണ് പി.സി ജോര്‍ജ് തോക്ക് ഭീഷണിപ്പെടുത്തിയത്. ഹാരിസണ്‍ എസ്റ്റേറ്റിന്റെ ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട് ഒരു ആരോപണം നിലനില്‍ക്കുന്നുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സ്ഥലം എം.എല്‍.എകൂടിയായ പി.സി ജോര്‍ജ് അവിടെയെത്തുന്നത്. അദ്ദേഹം എത്തിയതറിഞ്ഞ് തൊഴിലാളികള്‍ ഇവിടേക്കെത്തി. ഭൂമി കയ്യേറിയവര്‍ക്ക് പിന്തുണ നല്‍കുകയെന്നതായിരുന്നു പി.സി ജോര്‍ജ് സ്വീകരിച്ച സമീപനം. അവരുടെ നിവൃത്തികേടു കൊണ്ട് കയ്യേറിയതാണ്, അവര്‍ക്ക് അവകാശപ്പെട്ട ഭൂമിയിലാണ് അവര്‍ താമസിക്കുന്നത് എന്നതായിരുന്നു പി.സി ജോര്‍ജിന്റെ നിലപാട്

പി.സി ജോര്‍ജ്ജ് എം.എല്‍.എയുടെ പോസ്റ്റിന്റെ പുര്‍ണ്ണരുപം

പി. സി. ജോര്‍ജ്ജ് തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടി.
ആഘോഷിക്കുകയാണ്, ആഘോഷിച്ചോളൂ.
സത്യം മറച്ച് വെച്ച് തൊഴിലാളികള്‍, തൊഴിലാളികള്‍ എന്ന് വിളിച്ച് വാര്‍ത്തക്ക് നിറം പകരുമ്പോള്‍ നിങ്ങള്‍ക്കത് ഒരു ദിവസത്തെ അന്തിചര്‍ച്ചക്കുള്ള ചൂടേറിയ വിഭവമാകുമായിരിക്കാം, അതങ്ങനെ ആയിക്കോട്ടെ, ആഘോഷിച്ചോളൂ…
കയറിക്കിടക്കാന്‍ സ്വന്തമായി ഒരു സെന്റ് ഭൂമി പോലുമില്ലാതെ ആറിന്റെ ഓരത്ത് പുറമ്പോക്കില്‍ താമസിക്കുന്ന 52 കുടുംബങ്ങളിലെ പാവപ്പെട്ടവര്‍ക്ക് വേണ്ടിയാണ് മുണ്ടക്കയത്ത് ഹാരിസണ്‍ എസ്റ്റേറ്റില്‍ പോയത്.
നൂറ് വര്‍ഷത്തിലേറെയായി അവിടെ പുറമ്പോക്കില്‍ താമസിക്കുന്ന ഈ പാവങ്ങളെ അവിടെ നിന്ന് ഓടിക്കാന്‍ ഏതോ എസ്റ്റേറ്റ് (ലീസ് കാലാവധി കഴിഞ്ഞ) മുതലാളിക്ക് തോന്നല്‍ വന്നു.
കഴിഞ്ഞ ഒരാഴച്ചയായി പുറമ്പോക്കില്‍ താമസിക്കുന്ന ഇവരെ കുടി ഒഴുപ്പിക്കാന്‍ എസ്റ്റേറ്റ് മുതലാളിയുടെ ഗുണ്ടകള്‍ (നിങ്ങള്‍ തൊഴിലാളികള്‍ എന്ന് വിളിക്കുന്നവര്‍) ഈ പാവങ്ങളുടെ വീടിന്ന് നേരെ രാത്രി കാലങ്ങളില്‍ കല്ലെറിയുകയും, ഇവരുടെ സൈക്കിള്‍, കോഴിക്കൂട്, കഞ്ഞി വെക്കാന്‍ പെറുക്കി കൂട്ടുന്ന വിറകും മറ്റും എടുത്ത് ആറ്റിലേക്ക് വലിച്ചെറിയുകയും അവിടെയുള്ള സ്ത്രീകളെ കുട്ടികളെയും വഴിയില്‍ ഭീക്ഷണിപ്പെടുത്തുകയും വീട്ടുകാരെ ആക്രമിക്കുകയും ചെയ്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു.
ഇവരുടെ വീടുകളിലേക്ക് ഇവര്‍ പോകുന്ന വഴി എസ്റ്റേറ്റ് മുതലാളി ഗുണ്ടകളെക്കൊണ്ട് കെട്ടിയടക്കാനും തുടങ്ങി.
മഴയൊന്ന് കടുത്ത് ആറ്റില്‍ വെള്ളം വന്നാല്‍ തന്നെ വീട് മുങ്ങി പോവുകയും പിന്നീട് രാത്രികാലങ്ങളില്‍ പോകാന്‍ മറ്റിടങ്ങളില്ലാതെ റബ്ബര്‍ തോട്ടത്തില്‍ മഴയും നനഞ്ഞ് കൈക്കുഞ്ഞുങ്ങളുമായി ഇരിക്കേണ്ട അവസ്ഥയുള്ളവരാണ് ഈ പാവങ്ങള്‍.


Don’t Miss: ‘തള്ളിനൊക്കെ ഒരു പരിധിയില്ലേ’; ലോകം കണ്ണുതള്ളി നിന്ന കുക്കിന്റെ ‘സൂപ്പര്‍മാന്‍ ക്യാച്ച്’ വെറും തിരക്കഥ; തെളിവുകള്‍ ഇതാ


പോലീസില്‍ പരാതി പറഞ്ഞതിന് ശേഷം എന്റെ അടുക്കല്‍ വന്ന ഈ 52 കുടുംബങ്ങളിലെ കൂലിപ്പണി ചെയ്ത് ജീവിക്കുന്ന അമ്മമാരും കുഞ്ഞുങ്ങളുമടങ്ങുന്നവരെ അവരുടെ വീടുകളില്‍ ചെന്ന് കണ്ട്, പ്രശ്നപരിഹാരത്തിന് തൊഴിലാളി നേതാക്കളുമായി സംസാരിച്ച് തുടങ്ങിയപ്പോഴാണ്. ഹാരിസണ്‍ എസ്റ്റേറ്റ് മുതലാളിയുടെ എച്ചില്‍ തിന്നും, കുടിച്ചും കൊഴുത്ത തൊഴിലാളികളുടെ ഇടയിലെ വഞ്ചകരായ ഗുണ്ടകള്‍ എനിക്ക് നേരെ അസഭ്യം പറയുകയും, ‘ഇവിടെ നിന്ന് പൊക്കോ’ എന്ന് പറഞ്ഞു ആക്രോശിക്കാനും ആക്രമിക്കാനും തുടങ്ങി.
‘അങ്ങനെ പോകാന്‍ സൗകര്യമില്ലടാ’ എന്ന് പറഞ്ഞുതന്നെ അവിടെ നിന്നു.
ഇവന്മാരുടെ ഗുണ്ടായിസവും കണ്ട് അവിടെയുള്ള 52 കുടുംബങ്ങളെ സംരക്ഷിക്കാന്‍ കഴിയാതെ ഞാന്‍ അവിടെനിന്ന് പോയാല്‍, പിന്നെ ഞാന്‍ എന്ത് ജനപ്രതിനിധിയാ…
‘എടുക്കും.. ഇനിയും എടുക്കും…’
എന്റെ അടുക്കല്‍ പരാതിയുമായി വരുന്ന 52 കുടുംബങ്ങളല്ല ഇനി അത് ഒരു കുടുംബമാണെങ്കിലും പാവപ്പെട്ടവനെ ജീവിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ബോംബ് കയ്യിലുണ്ടേല്‍ അതും എടുക്കും…
പി.സി ജോര്‍ജ്ജ്.
കുറിപ്പ്: ‘തോക്ക്’
ആഘോഷിക്കുന്നതിനൊപ്പം ഈ ഫേസ്ബുക്ക് പോസ്റ്റിനൊപ്പം പച്ചയായ കുറച്ച് മനുഷ്യ ജീവിതങ്ങളുടെ ചിത്രങ്ങള്‍ കൂടി ചേര്‍ത്തിട്ടുണ്ട്, ശ്രദ്ധിക്കുമല്ലോ.

Tagged with: