pc-georgeന്യൂദല്‍ഹി: ഇരട്ട പദവി സംബന്ധിച്ച പരാതിയില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജിനെ അയോഗ്യനാക്കാമെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചതായി റിപ്പോര്‍ട്ട്. അഭിഭാഷകനായ ഡി.ബി.ബിനു വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയപ്പോഴാണ് രാജ്ഭവന്‍ ഇക്കാര്യമറിയിച്ചത്.

നിയമോപദേശം ലഭിച്ചതിനെത്തുടര്‍ന്ന് ഗവര്‍ണര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉപദേശം തേടി. ജോര്‍ജിന്റെ പദവി ഓഫീസ് ഓഫ് പ്രോഫിറ്റിന്റെ പദവിയില്‍ വരുമെന്നും അയോഗ്യനാക്കാന്‍ മതിയായ കാരണമുണ്ടെന്നും ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചിട്ടുണ്ട്.

അതിനിടെ ജോര്‍ജിന്റെ ഇരട്ടപദവി സംബന്ധിച്ച് പരാതി നല്‍കിയ സെബാസ്റ്റ്യന്‍ പോളിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. പരാതി സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നിയമന ഉത്തരവും ക്യാബിനറ്റ് റാങ്ക് പദവി സംബന്ധിച്ച രേഖകളുമാണ് ഹാജരാക്കേണ്ടത്. രണ്ടാഴ്ചക്കകം വിശദീകരണം നല്‍കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.