കല്‍പ്പറ്റ: ടി.പി വധക്കേസ് റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ പേരെടുത്ത് പറഞ്ഞ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചുണ്ണാമ്പ് തൊടുകയാണെന്നും ഇത് അക്രമം നടത്താനുള്ള ആഹ്വാനമാണെന്നും ഗവ. ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ്. മാധ്യമപ്രവര്‍ത്തകരെ ഇങ്ങനെ തൊട്ടുകാണിക്കുമ്പോള്‍ മാധ്യമ മുതലാളിമാര്‍ കണ്ടില്ലെന്ന് നടിക്കുന്നത് മര്യാദയാണോ? ഉടമകള്‍ അഭിപ്രായം പറയണം- പി.സി ജോര്‍ജ്ജ്.

കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ കത്തിവെട്ട് കേന്ദ്രങ്ങളുണ്ടെന്നും ഇവിടെ നിന്ന് പരിശീലനം നേടിയവരാണ് കൊല നടത്തുന്നതെന്നും പട്ടാളത്തെ വിളിച്ചാണെങ്കിലും ഇത്തരം കേന്ദ്രങ്ങളെ തകര്‍ക്കുമെന്നും ജോര്‍ജ്ജ് പറഞ്ഞു.

വയനാട്ടില്‍ സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന ആദിവാസി ഭൂസമരം പരിഹാസ്യമാണെന്നും പി.സി ജോര്‍ജ് പറഞ്ഞു. പ്രതിഷേധം വെറും സമരാഭാസമാണെന്നും അദ്ദേഹം ആരോപിച്ചു. ഇടതുമുന്നണി ഭരണകാലത്ത് ആദിവാസിയല്ലാത്ത എ.കെ ബാലനാണ് ആദിവാസി ക്ഷേമ വകുപ്പ് മന്ത്രിയായത്. അദ്ദേഹം ആദിവാസികള്‍ക്കുവേണ്ടി ഒന്നും ചെയ്തില്ല.  പാലക്കാട് ജില്ലയില്‍ സുസ്‌ലോണ്‍ കമ്പനിക്ക് ആദിവാസി ഭൂമി തീറെഴുതാന്‍ കൂട്ടുനിന്നത് ഇടതുപക്ഷമാണ്.

ചെങ്ങറയില്‍ സമരം നടത്തിയ ആദിവാസികളെ മോഷ്ടാക്കളെന്ന് വിളിച്ച് പരിഹസിച്ചവരാണ് സി.പി.ഐ.എം സമരം നടത്തിയ പാവങ്ങള്‍ക്ക് ഭക്ഷണംപോലും നിഷേധിച്ചു. അവരാണ് ആദിവാസികളെ മുന്‍നിര്‍ത്തി ഇപ്പോള്‍ സമരം നടത്തുന്നത്. ഒരു ആത്മാര്‍ത്ഥതയുമില്ലാത്തതാണ് ഈ സമരമെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.