തിരുവനന്തപുരം: ചില പ്രതിലോമ ശക്തികള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കൂട്ടുപിടിച്ച് തന്റെ വായടപ്പിക്കാന്‍ നോക്കുകയാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്. തനിക്ക് ആരെയും ഭയമില്ല. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിനുവേണ്ടിയാണ് താന്‍ ശബ്ദമുയര്‍ത്തുന്നതെന്നും പി.സി.ജോര്‍ജ് പറഞ്ഞു.

Ads By Google

ടി.എന്‍ പ്രതാപന്‍ എം.എല്‍.എയ്‌ക്കെതിരായ പി.സി ജോര്‍ജിന്റെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസില്‍ നിന്നും ശക്തമായ വിമര്‍ശനമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പി.സി ജോര്‍ജിന്റെ പുതിയ പ്രസ്താവന

അതിനിടെ, പി.സി.ജോര്‍ജും ടി.എന്‍.പ്രതാപനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. താനും കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള യു.ഡി.എഫ് നേതാക്കള്‍ പ്രശ്‌നത്തില്‍ ഇടപെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ടി.എന്‍ പ്രതാപനെ ജാതിപറഞ്ഞ് അധിക്ഷേപിച്ച പി.സി ജോര്‍ജിന്റെ നടപടി വിവാദമായിരുന്നു. കോണ്‍ഗ്രസ് നേതാക്കളൊന്നടങ്കം ഇതിനെതിരെ രംഗത്തെത്തിയിരുന്നു. വി.ഡി. സതീശന്‍, വി.ടി ബല്‍റാം, ഹൈബി ഈഡന്‍ തുടങ്ങിയ എം.എല്‍.എമാര്‍ പി.സി ജോര്‍ജിനെ പരസ്യമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

യു.ഡി.എഫില്‍ എച്ച് 1 എന്‍ 1 പടര്‍ത്തുന്ന വൈറസാണെന്ന് പറഞ്ഞ് കെ.എസ്.യുവും കഴിഞ്ഞദിവസം പി.സി ജോര്‍ജിനെതിരെ രംഗത്തെത്തിയിരുന്നു. സര്‍ക്കാരിന് ഭൂരിപക്ഷം കുറവാണെന്നതിന്റെ പേരില്‍ പി.സി. ജോര്‍ജ് ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണ്. ഇതൊന്നും വെച്ചുപൊറുപ്പിക്കാന്‍ പാടില്ല. ജോര്‍ജ് തിരുത്തിയില്ലെങ്കില്‍ മുന്നണി നേതൃത്വം ഇടപെടണമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് ജോയ് ആവശ്യപ്പെട്ടിരുന്നു.