തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായ സംഭവത്തിന് പിന്നില്‍ മൂന്ന് പേരുടെ ഗൂഢാലോചനയുണ്ടെന്ന് പി.സി ജോര്‍ജ്ജ് എം.എല്‍.എ. കോടിയേരിയും എ.ഡി.ജി.പി ബി. സന്ധ്യയും ഒരു തിയേറ്റര്‍ ഉടമയുമാണ് ഇതിന് പിന്നില്‍.

പിണറായിക്കെതിരായ കോടിയേരിയുടെ കളിയാണ് ഇത്. കോടിയേരിയുടേത് പിണറായിയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണ്. ചാരക്കേസ് കരുണാകരനെതിരെ ഉപയോഗിച്ചതുപോലെ കോടിയേരി ഈ കേസ് പിണറായിക്കെതിരെ ഉപയോഗിക്കുകയാണെന്നും പി.സി ജോര്‍ജ്ജ് കുറ്റപ്പെടുത്തി. മാതൃഭൂമിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


Dont Miss ദിലീപ് മാപ്പര്‍ഹിക്കുന്നില്ല; പെണ്‍കുട്ടി തന്നെ പ്രതിക്ക് ശിക്ഷ വിധിച്ചു കഴിഞ്ഞല്ലോ എന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞ ഇന്ത്യയിലെ ആദ്യത്തെ മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും: ബൃന്ദ കാരാട്ട്


ദിലീപിനെ പോലെ മാന്യനായ ഒരു സിനിമാനടന്‍ ഇല്ലെന്നായിരുന്നു നേരത്തെ പി സി ജോര്‍ജ്ജ് പറഞ്ഞത്. ‘അയാളെ നശിപ്പിക്കാനായി കുറെ കള്ളക്കച്ചവടക്കാര്‍ ഇറക്കിയിരിക്കുന്നു എന്നല്ലാതെ മറ്റെന്താണ്. അയാള്‍ ഒരു മാന്യന്‍ ആയതു കൊണ്ട് ഇതെല്ലാം സഹിച്ചും ക്ഷമിച്ചും നില്‍ക്കുന്നു. ഞാന്‍ ആണെങ്കില്‍ കാണിച്ചു കൊടുത്തേനെ. മാന്യനായ ഒരു മനുഷ്യനെ തേജോവധം ചെയ്യാന്‍ രണ്ടോ മൂന്നോ പെണ്ണുങ്ങള്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്.’ – ഇതായിരുന്നു പി.സി ജോര്‍ജ്ജിന്റെ വാക്കുകള്‍.

ഒരു കള്ളത്തരവും ഇല്ലാത്ത സത്യസന്ധനായ മനുഷ്യനെ തകര്‍ക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. ഇനിയും ഈ ദിലീപിനെ ആക്രമിക്കാന്‍ ഏതെങ്കിലും കൊള്ളസംഘം ഇറങ്ങിത്തിരിച്ചാല്‍ അദ്ദേഹത്തെ സംരക്ഷിക്കാന്‍ ജനങ്ങള്‍ ഇറങ്ങുന്ന സാഹചര്യം സൃഷ്ട്ടിക്കാന്‍ പത്രസമ്മേളനം നടത്തി ദിലീപിനുള്ള പിന്തുണ കൊടുക്കുമെന്നും പി സി ജോര്‍ജ്ജ് മംഗളം ചാനലിന്റെ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു.