എഡിറ്റര്‍
എഡിറ്റര്‍
‘ഊളത്തരത്തിന് മറുപടിയില്ല’; ടി.എന്‍ പ്രതാപനെതിരെ പി.സി. ജോര്‍ജ് വീണ്ടും
എഡിറ്റര്‍
Friday 3rd August 2012 7:52pm

തിരുവനന്തപുരം: ടി.എന്‍ പ്രതാപനെതിരെ പി.സി. ജോര്‍ജ് വീണ്ടും രംഗത്ത്. ‘ഊളത്തരങ്ങള്‍ക്കു മറുപടി പറയാന്‍ താനില്ലെ’ന്നാണ് ടി.എന്‍ പ്രതാപന്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയെന്നോണം പി.സി.ജോര്‍ജ് പറഞ്ഞത്.

Ads By Google

അനുഭവങ്ങളുടെ പേരില്‍ ചിലര്‍ പറയുന്ന ഊളത്തരങ്ങള്‍ക്കു മറുപടി പറയാന്‍ താനില്ല. താന്‍ സുഖലോലുപനായി ജീവിച്ചവനാണ്. പട്ടിണി കിടന്ന് ഉച്ചക്കു ഭക്ഷണം കിട്ടിയപ്പോള്‍ ഇളകിയ വിപ്ലവവീര്യമല്ല തന്റേതെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

പി.സി. ജോര്‍ജ്ജ് സമുദായപ്പേരു പറഞ്ഞ് അപമാനിച്ചതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എം.എല്‍.എ ടി.എന്‍. പ്രതാപന്‍ തുറന്ന കത്തെഴുതിയിരുന്നു.
ടി.എന്‍. പ്രതാപന്‍ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നപരിഹാരത്തിന് മുന്‍ഗണന നല്‍കിയാല്‍ മതിയെന്നും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തങ്ങളെപ്പോലുള്ളവരുണ്ടെന്നുമായിരുന്നു ജോര്‍ജ് നടത്തിയ പ്രസ്താവന.

നെല്ലിയാമ്പതി ഭൂമിയില്‍ നിക്ഷിപ്ത താത്പര്യക്കാരെ സംരക്ഷിക്കാനുള്ള ജോര്‍ജ്ജിന്റെ ശ്രമങ്ങള്‍ പ്രതിരോധിക്കുമെന്നും ടി.എന്‍. പ്രതാപന്‍ കത്തില്‍ പറയുന്നുണ്ട്. എന്നാല്‍ നെല്ലിയാമ്പതിയില്‍ കൈയ്യേറ്റമുണ്ടെന്നു തെളിയിച്ചാല്‍ താന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് പി.സി ജോര്‍ജ്ജ് ആവര്‍ത്തിച്ചു.

പി.സി. ജോര്‍ജിന്റെ പ്രസ്താവന കോണ്‍ഗ്രസിനുള്ളില്‍ കടുത്ത പ്രശ്‌നങ്ങള്‍ അഴിച്ചുവിട്ടിരിക്കുകയാണ്. യുവ തലമുറയില്‍പെട്ട കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഇതിനോടകം ജോര്‍ജിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

കോണ്‍ഗ്രസ് എം.എല്‍.എമാര്‍ എല്ലാവര്‍ക്കും കൊട്ടാനുള്ള വഴിച്ചെണ്ടയല്ലെന്ന് വി.ഡി. സതീശന്‍ എം.എല്‍.എ വ്യക്തമാക്കി. പി.സി. ജോര്‍ജിനെപ്പോളുള്ളവര്‍ കേരളത്തെ കളങ്കപ്പെടുത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം പി.സി. ജോര്‍ജ്ജിന്റെ പ്രസ്താവനയോടുള്ള കോണ്‍ഗ്രസിന്റെ നിലപാടാണ് തന്നെ കൂടുതല്‍ വേദനിപ്പിച്ചെതെന്നും കോണ്‍ഗ്രസ് നിലപാട് തിരുത്തണമെന്നും ടി.എന്‍ പ്രതാപന്‍ ആവശ്യപ്പെട്ടു. നിലപാട് തിരുത്തിയില്ലെങ്കില്‍ തനിക്ക് കൂടുതല്‍ കടുത്ത നിലപാടെടുക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

എ.കെ ആന്റണി പറഞ്ഞതുകൊണ്ടു മാത്രമാണ് തത്കാലം അടങ്ങിയിരിക്കുന്നത്. ഉമ്മന്‍ചാണ്ടിക്കൊപ്പം ചാവേറായി നില്‍ക്കുന്ന താനും പി.സി. ജോര്‍ജ്ജും ഒരുപോലെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് ഏറെ വേദനിപ്പിച്ചു. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയെക്കാള്‍ തന്നെ വേദനിപ്പിച്ചത് ഉമ്മന്‍ചാണ്ടിയുടെ വാക്കുകളാണെന്നും പ്രതാപന്‍ തുറന്നടിച്ചു. തന്നോട് ചെയ്തത് ശരിയാണോ എന്ന് ഇവര്‍ മനസാക്ഷിയോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എന്റെ സമുദായം മണ്ണും മനുഷ്യനുമാണ്: പി.സി ജോര്‍ജിന് പ്രതാപന്റെ തുറന്ന കത്ത്

Advertisement