കോട്ടയം: നടിയെ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പള്‍സര്‍ സുനി പറയുന്നത് വിശ്വസിക്കരുതെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. ‘സുനി പിണറായി വിജയന്റെ പേരു പറഞ്ഞാല്‍ അറസ്റ്റു ചെയ്യുമോ’ എന്നും പി.സി ജോര്‍ജ് ചോദിച്ചു.

ആക്രമിക്കപ്പെട്ട നടിയ്‌ക്കെതിരായ തന്റെ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നെന്നും പി.സി ജോര്‍ജ് പറഞ്ഞു. കോട്ടയത്ത് മധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആക്രമണത്തിന് ഇരയായ നടിയെ അധിക്ഷേപിച്ച് പലവട്ടം സംസാരിച്ച പി.സി ജോര്‍ജിനെതിരെ നടി കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് പി.സി ജോര്‍ജ് വീണ്ടും അധിക്ഷേപവും ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്.

നടിയുടെ പരാതിയോടെ ദിലീപ് കുറ്റക്കാരനല്ലെന്ന് തെളിഞ്ഞിരിക്കുകയാണ്. അല്ലെങ്കില്‍ പരാതി നല്‍കുന്നതെന്തിനാണെന്നും പി.സി ജോര്‍ജ് ചോദിക്കുന്നു.


Must Read:ആരാണ് ബാബ രാംദേവ്? അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് ബാബാ രാംദേവ് രചയിതാവ് പ്രിയങ്ക പഥക് നരേന്‍ സംസാരിക്കുന്നു


ആക്രമിക്കപ്പെട്ട നടി ആരാണെന്ന് തനിക്കറിയില്ലെന്നും നടി ആരെന്ന് അറിയാതെ അവരെ ആക്ഷേപിക്കുന്നത് എങ്ങനെയാണ് എന്നും ചോദിച്ചുകൊണ്ടാണ് പി.സി ജോര്‍ജ് നടിയെ അധിക്ഷേപിച്ചെന്ന ആരോപണത്തെ പ്രതിരോധിക്കുന്നത്. ‘ഇരയെ അറിഞ്ഞുകഴിഞ്ഞാല്‍ നടിയെക്കുറിച്ച് ഞാന്‍ പറയാം.’ അദ്ദേഹം പറഞ്ഞു.

‘പി.സി ജോര്‍ജിനെ പോലുള്ളവര്‍ ഞാന്‍ എന്തു ചെയ്യണമെന്നാണ് കരുതുന്നത്? ആത്മഹത്യ ചെയ്യണമായിരുന്നോ? അതോ മനോനില തെറ്റി ഏതെങ്കിലും മാനസിക രോഗകേന്ദ്രത്തിലോ വീടിന്റെ പിന്നാമ്പുറങ്ങളിലോ ഒടുങ്ങണമായിരുന്നോ? അതോ സമൂഹ മധ്യത്തില്‍ പ്രത്യക്ഷപ്പെടാതെ എവിടേക്കെങ്കിലും ഓടിയൊളിക്കണമായിരുന്നോ?ഞാനെന്ത് തെറ്റാണ് ചെയ്തത് എന്ന് ആരെങ്കിലും ബോധ്യപ്പെടുത്തി തന്നിരുന്നേല്‍ നന്നായിരുന്നു.’ എന്നാണ് കത്തില്‍ നടി ചോദിക്കുന്നത്.