തിരുവനന്തപുരം: തടവ് ശിക്ഷ അനുഭവിക്കുന്ന ബാലകൃഷ്ണപിള്ളയുടെ കൈയ്യില്‍ ഫോണ്‍ കിട്ടിയതിന് ഉത്തരവാദികള്‍ ജയില്‍ അധികൃതരാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ്. നിയമസഭാ ഹാളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ജോര്‍ജ്ജ് ഇക്കാര്യം പറഞ്ഞത്.

ബാലകൃഷ്ണപിള്ള ഫോണില്‍ സംസാരിച്ചുവെങ്കില്‍ അത് നിയമവിരുദ്ധമാണ്. എന്നാല്‍ ഇതേക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ താന്‍ തയാറല്ല. അധ്യാപകനെ മര്‍ദിച്ച സംഭവത്തില്‍ കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ഇതിന് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.

വാക്കിന് വിലയുള്ളവരാകണം മാധ്യമപ്രവര്‍ത്തകരെന്നും ധാര്‍മികത പാലിക്കണമെന്നും ബാലകൃഷ്ണപ്പിള്ളയുടെ ഫോണ്‍ സംഭാഷണം റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്ത് വിട്ടതിനെക്കുറിച്ച് പി.സി ജോര്‍ജ്ജ് പറഞ്ഞു.