ന്യൂദല്‍ഹി: രണ്ടാംതലമുറ സ്‌പെകട്രം അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന് സംയുക്ത പാര്‍ലമെന്ററി സമിതിയെ ചുമതലപ്പെടുത്തിയുള്ള പ്രമേയം ലോകസഭയില്‍ അവതരിപ്പിച്ചു. ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജിയാണ് പ്രമേയം അവതരിപ്പിച്ചത്.

30 അംഗങ്ങളടങ്ങുന്ന സമിതിയാണ് നിലവില്‍ വന്നത്. കേരളത്തില്‍ നിന്നും പി.സി. ചാക്കോയെ സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സമിതിയുടെ അധ്യക്ഷനെ പിന്നീട് പ്രഖ്യാപിക്കും. പി.സി ചാക്കോ സമതി അധ്യക്ഷനാകുമെന്നാണ് സൂചന.

ജസ്വന്ത് സിംഗ്, യശ്വന്ത് സിന്‍ഹ, ഹരിന്‍ പഥക്, എസ്.എസ് ആലുവാലിയ, രവിശങ്കര്‍ പ്രസാദ് എന്നിവരുടെ പേരുകള്‍ സമിതിയിലേക്ക് നിര്‍ദേശിച്ചിട്ടുണ്ട്.

സമിതിയില്‍ 20 പേര്‍ ലോകസഭയില്‍ നിന്നും ബാക്കിയുള്ളവര്‍ രാജ്യസഭയില്‍ നിന്നുമുള്ളവരായിരിക്കും. രാജ്യസഭയില്‍ നിന്നുള്ള അംഗങ്ങളെ രാജ്യസഭാധ്യക്ഷന്‍ പിന്നീട് പ്രഖ്യാപിക്കും.