ചെന്നൈ: മഹാരാഷ്ട്ര മുന്‍ ഗവര്‍ണ്ണറും ഭരണതന്ത്രജ്ഞനുമായിരുന്ന ഡോ.പി.സി അലക്‌സാണ്ടര്‍ അന്തരിച്ചു. 91 വയസ്സായിരുന്നു. ചെന്നൈയിലെ മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ രാവിലെ 8.30നായിരുന്നു അന്ത്യം. ഏറെക്കാലമായി അര്‍ബുദ രോഗ ബാധിതനായിരുന്ന അദ്ദേഹത്തെ നില ഗുരുതരമായതിനെ തുടര്‍ന്ന് ഞായറാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

എണ്‍പതുകളിലെ കലങ്ങി മറഞ്ഞ ദേശീയ രാഷ്ട്രീയത്തിന്റെ സഞ്ചാരഗതിയില്‍ അലക്‌സാണ്ടറുടെ ഇടപെടലുകള്‍ നിര്‍ണ്ണായകമായിരുന്നു. എന്‍.ഡി.എ ഭരണകാലത്ത് രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട അദ്ദേഹത്തിന് അവസാന നിമിഷം അവസരം നഷ്ടമാവുകയായിരുന്നു. ഭോപ്പാല്‍ വാതക ദുരന്തക്കേസില്‍ യൂണിയന്‍ കാര്‍ബൈഡ് കമ്പനി ഉടമസ്ഥന്‍ ആന്‍ഡേഴ്‌സണ്‍ ഇന്ത്യയില്‍ നിന്ന് രക്ഷപ്പെട്ടത് രാജീവ്ഗാന്ധിയുടെ അറിവോടെയായിരുന്നുവെന്ന് അലക്‌സാണ്ടര്‍ അടുത്തിടെ വെളിപ്പെടുത്തിയത് വിവാദമായിരുന്നു.

ഇപ്പോഴത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ രാഷ്ട്രീയത്തിലേക്ക് കൊണ്ട് വന്നതിന് പിന്നിലും അലക്‌സാണ്ടര്‍ നിര്‍ണ്ണായക ഇടപെടല്‍ നടത്തിയിരുന്നു. നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്ന കാലത്ത് അലക്‌സാണ്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് മന്‍മോഹനെ ധനമന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവന്നത്. മന്‍മോഹന്റെ വീട്ടിലെത്തി സ്ഥാനം ഏറ്റെടുക്കാന്‍ അഭ്യര്‍ഥിച്ചതും അലക്‌സാണ്ടറായിരുന്നു.

പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന അലക്‌സാണ്ടര്‍, 1921 ആലപ്പുഴ ജില്ലയിലെ മാവേലിക്കരയില്‍ ജേക്കബ് ചെറിയാന്റെയും മറിയാമ്മ ചെറിയാന്റെയും മകനായാണ് ജനിച്ചത്. ട്രാവന്‍കൂര്‍ സര്‍വകലാശാലയിലും അണ്ണാമലൈ സര്‍വകലാശാലയിലും വിദ്യാഭ്യാസം നടത്തി. എം.എ ബിരുദവും ഗവേഷണത്തില്‍ എം.ലിറ്റ്. ഡി.ലിറ്റ് ബിരുദങ്ങളും നേടി. എല്‍.എല്‍.ബി ബിരുദവും നേടിയിട്ടുണ്ട്. 1948ല്‍ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ പ്രവേശിച്ചു. 1958-59 കാലയളവില്‍ ബ്രിട്ടീഷ് ഗവണ്മെന്റിന്റെ ബോര്‍ഡ് ഒഫ് ട്രെയ്ഡില്‍  നുഫീല്‍ഡ്‌ ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പോടു കൂടി പരിശീലനം നേടി.

1960-61ല്‍ ഫോഡ് ഫൌണ്ടേഷന്‍ ഫെല്ലോഷിപ്പോടുകൂടി അമേരിക്കയിലെ സ്റ്റാന്‍ഫോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഗവേഷണം നടത്തി. 1963-66 കാലയളവില്‍ ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്ര സഭയില്‍ സീനിയര്‍ അഡൈ്വസര്‍ ആയിരുന്നു. 1970-74ല്‍ ടെഹറാനിലെ യു.എന്‍. പ്രോജക്ടിന്റെ ചീഫായി നിയോഗിക്കപ്പെട്ടു. 1978-81 കാലയളവില്‍ ജനീവയിലെ യു.എന്‍. ഇന്റര്‍നാഷണല്‍ ട്രേഡ് സെന്ററിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായും സേവനമനുഷ്ഠിച്ചു. പിന്നീട് മഹാരാഷ്ട്രയില്‍ പന്ത്രണ്ടു വര്‍ഷക്കാലം ഗവര്‍ണറായിരുന്നു.

ദി ഡച്ച് ഇന്‍ മലബാര്‍ (1946), ബുദ്ധിസം ഇന്‍ കേരള (1949), ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റ്‌സ് ഇന്‍ ഇന്‍ഡ്യ (1962), മൈ ഇയേഴ്‌സ് വിത്ത് ഇന്ദിരാഗാന്ധി (1991), പെരില്‍സ് ഒഫ് ഡമോക്രസി (1995), ഇന്‍ഡ്യ ഇന്‍ ദ് ന്യൂ മില്ലനിയം (2001) എന്നീ ഗ്രന്ഥങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ത്രൂ ദി കോറിഡോഴ്‌സ് ഒഫ് പവര്‍ എന്ന ഇദ്ദേഹത്തിന്റെ ആത്മകഥ ശ്രദ്ധേയമാണ്. അധികാരത്തിന്റെ ഇടനാഴികളിലൂടെ എന്ന പേരില്‍ ഈ ഗ്രന്ഥം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

ഏഷ്യയിലെയും യൂറോപ്പിലെയും ആഫ്രിക്കയിലെയും അനേകം രാജ്യങ്ങള്‍ സന്ദര്‍ശിച്ച അലക്‌സാണ്ടര്‍ പല ഡലിഗേഷനുകള്‍ക്കും നേതൃത്വം നല്കിയിട്ടുണ്ട്. ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി ന്യൂയോര്‍ക്ക്, ജനീവ, ടെഹ്‌റാന്‍, ലണ്ടന്‍ എന്നിവിടങ്ങളില്‍ അനേകവര്‍ഷക്കാലം താമസിക്കുകയും ചെയ്തിട്ടുണ്ട്.