എഡിറ്റര്‍
എഡിറ്റര്‍
തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങാന്‍ വി.എസിനോട് പി.ബി
എഡിറ്റര്‍
Saturday 1st March 2014 6:59pm

prakash-karat

ന്യൂദല്‍ഹി: തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങാന്‍ മുതിര്‍ന്ന സി.പി.ഐ.എം നേതാവും പ്രതിപക്ഷ നേതാവുമായ വി.എസ് അച്യുതാനന്ദനോട് പോളിറ്റ് ബ്യൂറോയുടെ നിര്‍ദേശം.

പ്രചരണത്തിന് സജീവമായി ഇറങ്ങണമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വി.എസിനോട് നിര്‍ദേശിച്ചതായാണ് വിവരം.

ഇതനുസരിച്ച് കോഴിക്കോടും വടകരയിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വി.എസ് ഇറങ്ങുമെന്നും സൂചനയുണ്ട്.

വി.എസ് ഉന്നയിച്ച കാര്യങ്ങളില്‍ ഉചിത സമയത്ത് ചര്‍ച്ച നടത്തുമെന്നും പി.ബി അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

ടി.പി വധക്കേസുള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടുകളില്‍ നിന്ന് വ്യത്യസ്തമായി നിലപാടുകള്‍ എടുത്തതിനെ തുടര്‍ന്ന് വി.എസിനെതിരെ അച്ചടക്ക നടപടിയെടുക്കണമെന്ന് പാര്‍ട്ടിയ്ക്കകത്ത് നിന്നു തന്നെ ആവശ്യമുയര്‍ന്നിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന പോളിറ്റ് ബ്യൂറോ യോഗം വി.എസ് വിഷയം ചര്‍ച്ച ചെയ്യാതെ പിരിയുകയായിരുന്നു.

തിരഞ്ഞെടുപ്പ് അടുത്തിരിയ്‌ക്കേ തിരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായിരിയ്ക്കും പി.ബി സമയം കണ്ടെത്തുകയെന്ന് നേരത്തേ നേതാക്കള്‍ അറിയിച്ചിരുന്നു.

തിരഞ്ഞെടുപ്പ് സമയത്ത് വിഭാഗീയതയും ഭിന്നിപ്പും തിരഞ്ഞെടുപ്പ് വിധിയെ ബാധിയ്ക്കാതിരിയ്ക്കാനായാണ് പ്രചാരണത്തിന് വി.എസിനോട് സജീവമാവാന്‍ ആവശ്യപ്പെട്ടിരിയ്ക്കുന്നതെന്ന വിലയിരുത്തലും ഇതിനോടകം പുറത്തു വന്നിട്ടുണ്ട്.

Advertisement