കോഴിക്കോട്: സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണിയുടെ വിവാദ പ്രസ്താവന സി.പി.ഐ.എം പോളിറ്റ് ബ്യൂറോ തള്ളി. എം.എം മണിയ്‌ക്കെതിരെ നടപടിയുണ്ടാകുമെന്നും പോളിറ്റ് ബ്യൂറോ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

‘ രാഷ്ട്രീയ എതിരാളികളെ വധിക്കുന്നത് പാര്‍ട്ടി ന്യായീകരിക്കുന്നുവെന്ന തരത്തിലുള്ള സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണിയുടെ പ്രസ്താവന സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അപലപിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നു. പാര്‍ട്ടിയുടെ നിലപാടുകളുമായി ഈ പ്രസ്താവനയ്ക്ക് യാതൊരു ബന്ധവുമില്ല. ഈ കാര്യത്തില്‍ ഉചിതമായ നടപടിയുണ്ടാകും.’ സി.പി.ഐ.എം പത്രക്കുറിപ്പില്‍ പറയുന്നു.

കൊല്ലേണ്ടവരെ കൊല്ലുകതന്നെ ചെയ്യുമെന്നായിരുന്നു എം.എം മണി ഇടുക്കി പ്രസംഗിച്ചത്. കൊന്നവരുടെ ലിസ്റ്റും മണി പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു. കേരള രാഷ്ട്രീയത്തില്‍ മാത്രമല്ല ദേശീയ തലത്തില്‍ തന്നെ മണിയുടെ പ്രസ്താവന വന്‍ ചര്‍ച്ചയായിരുന്നു. പ്രത്യേകിച്ച് പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ പാര്‍ട്ടി ഉയര്‍ത്തിയ പ്രധാന ആരോപണമായിരുന്നു അവര്‍ കൊലപാതക രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നുവെന്നത്. സി.പി.ഐ.എം അനുഭാവികളെ തൃണമൂല്‍ കോണ്‍ഗ്രസ് കൊന്നൊടുക്കുന്നുവെന്നും പാര്‍ട്ടി ആരോപിച്ചിരുന്നു. എന്നാല്‍ മണിയുടെ പ്രസ്താവന വാര്‍ത്തയായതോടെ ദേശീയ തലത്തില്‍ തന്നെ സി.പി.ഐ.എം നേതൃത്വം പ്രതിരോധത്തിലാവുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രനേതൃത്വത്തിന്റെ പുതിയ തീരുമാനം.

സംസ്ഥാന നേതൃത്വം മണി പറഞ്ഞത് തെറ്റാണെന്ന് മാത്രമാണ് പ്രതികരിച്ചത്. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ തള്ളിക്കളയാനോ, ശരിവയ്ക്കാനോ തയ്യാറായിരുന്നില്ല.