ന്യൂഡല്‍ഹി: ഹരിഹരന്‍ സംവിധാനം ചെയ്ത മലയാള ചലച്ചിത്രം പഴശ്ശിരാജ ഗോവ ചലച്ചിത്രോത്സവത്തിന്റെ ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിക്കാനാവില്ല. പ്രദര്‍ശനാനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി തള്ളി. പനോരമ തിരഞ്ഞെടുപ്പില്‍ വീഴ്ചകള്‍ ഉണ്ടായതിനാല്‍ പഴശിരാജക്ക് പ്രത്യേകപ്രദര്‍ശനാനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പഴശിരാജ ട്രസ്റ്റ്, വീരപഴശിരാജ ഫൗണ്ടേഷന്‍ എന്നീ സംഘടനകളാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ചിത്രത്തിന്റെ മികവ് തീരുമാനിക്കാന്‍ കോടതിക്കാവില്ലെന്നും അത് ജൂറിയുടെ കടമയാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഫിലിം ഫെസ്റ്റിവല്‍ അവസാനിക്കാറായതു കൊണ്ടും ഡല്‍ഹി ഹൈക്കോടതിക്ക് നല്‍കിയ ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകാത്ത സാഹചര്യത്തിലും ഇപ്പോള്‍ തീരുമാനമെടുക്കുന്നത് ഉചിതമല്ലെന്നും കോടതി പറഞ്ഞു.
എന്നാല്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്ക് ചിത്രങ്ങള്‍ തെരഞ്ഞെടുത്തതില്‍ ചട്ടലംഘനം നടന്നതായി സുപ്രീം കോടതി ഇന്നലെ കണ്ടെടത്തിയിരുന്നു. പഴശിരാജയെ പനോരമയില്‍ നിന്ന് ഒഴിവാക്കിയതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി ഇന്നലെ പരിഗണിച്ചെപ്പോളയിരുന്നു അത്. 8/1, 8/2 എന്നീ വകുപ്പുകളനുസരിച്ച് ജൂറി ചെയര്‍മാനും അംഗങ്ങളും ഒരുമിച്ചിരുന്ന് മുഴുവന്‍ ചിത്രങ്ങളും കാണേണ്ടെതുണ്ട്. എന്നാല്‍ അത് ഉണ്ടായില്ലെന്ന് നിരീക്ഷിച്ച കോടതി ഇങ്ങനെയാണെങ്കില്‍ എന്തിനാണ് ചട്ടങ്ങള്‍ ഉണ്ടാക്കുന്നതെന്ന് ആരാഞ്ഞു. കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകനും തെരഞ്ഞെടുപ്പില്‍ വീഴ്ചയുണ്ടായ കാര്യം സമ്മതിച്ചിരുന്നു.
