എഡിറ്റര്‍
എഡിറ്റര്‍
എ.ടി.എം ഉപയോഗത്തിന് പണം ഈടാക്കാനുള്ള നീക്കത്തിനെതിരെ റിസര്‍വ് ബാങ്ക്
എഡിറ്റര്‍
Thursday 9th January 2014 11:05am

atm-stolen

ന്യൂദല്‍ഹി: എ.ടി.എം വഴിയുള്ള സൗജന്യ ഇടപാടുകള്‍ ഇനി അധികകാലമുണ്ടാകില്ല.

എ.ടി.എം വഴി ഓരോ തവണ പണം പിന്‍വലിക്കുമ്പോഴും സര്‍വീസ് ചാര്‍ജ് ഈടാക്കാനാണ് പുതിയ തീരുമാനം.

അതത് ബാങ്കുകളുടെ എ.ടി.എം ഉപയോഗിക്കുന്നതിന്റെ പരിധി മാസത്തില്‍ പരമാവധി അഞ്ചാക്കണമെന്ന് ബാങ്കുകള്‍ റിസര്‍വ് ബാങ്കിനോട് അഭ്യര്‍ഥിച്ചു.

മാസത്തില്‍ അഞ്ചിലേറത്തെവണ എ.ടി.എം വഴി പണമിടപാട് നടത്തുന്ന ഉപഭോക്താക്കളില്‍ നിന്ന് പ്രത്യേക തുക ഈടാക്കണമെന്നാണ് ഇന്ത്യന്‍ ബാങ്കേഴ്‌സ് അസോസിയേഷന്‍ റിസര്‍വ് ബാങ്കിനോട് അഭ്യര്‍ഥിച്ചിരിക്കുന്നത്.

ഇതരബാങ്ക് എ.ടി.എമ്മുകളുടെ സേവനത്തിന് ഓരോ തവണയും തുക ഈടാക്കാനും നിര്‍ദേശമുണ്ട്.

ഉപഭോക്താവിന് അക്കൗണ്ടുള്ള ബാങ്കിന്റെ എ.ടി.എമ്മിലും ഈ നിയന്ത്രണം വേണമെന്നാണ് ആവശ്യം. അക്കൗണ്ടുള്ള ബാങ്കിന്റെ എ.ടി.എം ഉപയോഗം തീര്‍ത്തും സൗജന്യമാണ്.

മറ്റ് ബാങ്കുകളുടെ എ.ടി.എമ്മുകള്‍ വഴി നടത്തുന്ന പണമിടപാടുകള്‍ക്ക് കൂടുതല്‍ തുക ഏര്‍പ്പെടുത്തണമെന്നാണ് നിര്‍ദേശം.

എ.ടി.എം കൗണ്ടറുകളില്‍ സുരക്ഷാ ജീവനക്കാരെ നിയമിക്കുന്നതിനും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിനുമുള്ള അധിക ചെലവിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചതത്രേ.

ബംഗളൂരുവില്‍ എ.ടി.എം കൗണ്ടറില്‍ യുവതി ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന്എ.ടി.എം കൗണ്ടറുകളില്‍ സുരക്ഷ ശക്തമാക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

അതേസമയം സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് ഓരോ മാസവും പരമാവധി അഞ്ച് എ.ടി.എം ഇടപാടുകള്‍ മാത്രമാണ് ആവശ്യമുള്ളതെന്ന് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ എം. താങ്ക്‌സേല്‍ പറഞ്ഞു.

അതില്‍ കൂടുതല്‍ ഇടപാടുകള്‍ എ.ടി.എമ്മുകളിലൂടെ നടത്തുന്നവരില്‍ നിന്നും ഫീ ഈടാക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഉപഭോക്താക്കളില്‍ നിന്നും ഫീ ഈടാക്കാനുള്ള വാണിജ്യ ബാങ്കുകളുടെ നീക്കത്തിനെതിരെ റിസര്‍വ് ബാങ്ക് രംഗത്തെത്തി.

സ്വന്തം അക്കൗണ്ടുള്ള ബാങ്കുകളുടെ എ.ടി.എം ഇടപാടുകള്‍ക്കും ഉപഭോക്താക്കളില്‍ നിന്നും ഫീ ഈടാക്കാന്‍ അനുവദിക്കണമെന്ന ബാങ്കുകളുടെ ആവശ്യം പരിഹാസ്യവും യുക്തിക്ക് നിരക്കാത്തതുമാണെന്ന് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ കെ. സി ചക്രബര്‍ത്തി പറഞ്ഞു.

Advertisement