എഡിറ്റര്‍
എഡിറ്റര്‍
പാവയില്‍ ഫെസ്റ്റിന് വര്‍ണാഭമായ തുടക്കം; യൂത്തിന്റെ ആഘോഷമായി വൈറ്റ് വയലിന്‍ ബാന്റിന്റെ മെഗാ സംഗീത വിരുന്ന്
എഡിറ്റര്‍
Friday 7th April 2017 12:30pm

കോഴിക്കോട്: തലക്കൂളത്തൂര്‍ പാവയില്‍ ചീര്‍പ്പില്‍ ജനകീയ കൂട്ടായ്മയില്‍ ഒരുക്കുന്ന ഗ്രാമീണ മഹോത്സവം പാവയില്‍ ഫെസ്റ്റ് 2017 ന് വര്‍ണാഭമായ തുടക്കം. ഇന്ന് വൈകീട്ട് അഞ്ചിന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനാണ് പരിപാടിയുടെ ഉദ്ഘാടകന്‍.

രാവിലെ 7 മണിയോടെ നടന്ന ദീപാശിഖാ റാലി വന്‍ജനപങ്കാളിത്തത്താല്‍ ശ്രദ്ധേയമായി. പാവയില്‍ യൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന വൈറ്റ് വയലിന്‍ ബാന്റിന്റെ മെഗാ സംഗീത വിരുന്നാണ് പരിപാടികളിലെ പ്രധാന ആകര്‍ഷകങ്ങളില്‍ ഒന്ന്.

കൊച്ചി വൈറ്റ് വയലിന്‍ ബാന്റിന്റെ നേതൃത്വത്തില്‍ അസീര്‍ മുഹമ്മദും സംഘവും നയിക്കുന്ന സംഗീത വിരുന്ന് ഏപ്രില്‍ 9 ന് രാത്രി എട്ട് മണിക്കാണ്.

വയലിനിലൂടെ വിസ്മയം തീര്‍ക്കുന്ന മലയാളിയായ യുവസംഗീതജ്ഞനാണ് അസീര്‍ മുഹമ്മദ്. ലോക പ്രശസ്ത വയിലിന്‍ ബ്രാന്‍ഡായ ക്യാന്റിനി വയലിനില്‍ നിന്നും അംഗീകാരം നേടിയ സംഗീതജ്ഞനാണ് അസീര്‍.

മാതാ പേരാമ്പ്രയുടെ നേതൃത്വത്തില്‍ നടക്കുന്ന സര്‍ഗകേരളവും കാവ്യകലാ തിയേറ്റേഴ്‌സ് അവതരിപ്പിക്കുന്ന നാടകവും ഇന്നത്തെ(7-4-17) പ്രധാന പരിപാടികളാണ്. രംഗഭാഷ കോഴിക്കോടിന്റെ കുടുംബനാഥന്റെ ശ്രദ്ധയ്ക്ക് എന്ന നാടകമാണ് ശനിയാഴ്ചത്തെ കാഴ്ചവിരുന്ന്. ജലോത്സവും ജലഘോഷയാത്രയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടക്കും. പ്രമുഖ മലയാളം ടെലിവിഷന്‍ താരങ്ങള്‍ അണിനിരക്കുന്ന മെഗാഷോയോടെയാണ് പരിപാടിയുടെ സമാപനം.

പാവയില്‍ പുഴയോരത്ത് ഏപ്രില്‍ 2 ാം തിയതി കേരള ലളിത കലാ അക്കാദമിയുമായി സഹകരിച്ച് നൂറിലേറെ ചിത്രകാരന്‍മാര്‍ പങ്കെടുത്ത വര്‍ണോത്സവം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ജലാശയ സംരക്ഷണ സന്ദേശവുമായി പുഴയുടെ തീരത്ത് തീര്‍ത്ത ചിത്രങ്ങള്‍ കാണാനായി നിരവധിയാളുകള്‍ എത്തിച്ചേര്‍ത്തു.


Dont Miss ദേശീയപുരസ്‌കാരം പ്രഖ്യാപിച്ചു: മഹേഷിന്റെ പ്രതികാരം മികച്ച മലയാള ചിത്രം 


ജലാശയ ഭക്ഷണശാലയാണ് ഫെസ്റ്റിന്റെ മറ്റൊരു ആകര്‍ഷണം. പുഴക്ക് നടുവില്‍ ഒരുക്കിയ ഭക്ഷണശാലയിലേക്ക് തോണിയിലാണ് യാത്ര. കരയിലും പ്രത്യേക ഭക്ഷണശാല ഒരുക്കും. ഫെസ്റ്റിന്റെ ഭാഗമായി വാട്ടര്‍ സ്‌പോര്‍ട്‌സുമുണ്ട്. പാവയില്‍ പുഴയില്‍ പെഡല്‍ബോട്ട്, പൊങ്ങിലോടിപ്പാറ പുഴയില്‍ വാട്ടര്‍ സ്‌കൂട്ടര്‍, സ്പീഡ്‌ബോട്ട്, ബനാനബോട്ട് തുടങ്ങിയ വിനോദ പരിപാടികള്‍ ഒമ്പത്, 10, 11 തിയ്യതികളില്‍ നടക്കും.

വിവിധ തരം പൂച്ചെടികളും ഫലവൃക്ഷ തൈകളും വിത്തുകളും ലഭിക്കുന്ന പുഷ്പമേള, ചന്തകള്‍, കുട്ടികള്‍ക്കുള്ള അമ്യൂസ്‌മെന്റ് പാര്‍ക്ക്, ശാസ്ത്ര സാങ്കേതിക പ്രദര്‍ശനം എന്നിവയെല്ലാം സജ്ജമായിക്കഴിഞ്ഞു. എല്ലാ ദിവസവും പകലും രാത്രിയും വിവിധ കലാപരിപാടികള്‍ അരങ്ങേറും.

വെറുമൊരു ആഘോഷം എന്നതിനപ്പുറം ജലസംരക്ഷണം, പുഴസംരക്ഷണം, പ്രകൃതി സംരക്ഷണം എന്നിവയില്‍ കൂടി ഊന്നിയാണ് നാട്ടുകാരുടെ നന്മയും സാഹോദര്യവും ഊട്ടിവളര്‍ത്തുന്ന ഇത്തരമൊരു മേളയ്ക്ക് ഇവിടെ തുടക്കമാകുന്നത്.

തലക്കുളത്തൂര്‍, ചേളന്നൂര്‍, കക്കോടി തുടങ്ങിയ പഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്ന കായലും പുഴയും ചെറുതുരുത്തുകളുമുള്ള ഇവിടം അപൂര്‍വ സസ്യ, ജൈവ സാന്നിധ്യം കൊണ്ട് സമ്പന്നമാണ്.

തലക്കുളത്തൂര്‍, എലത്തൂര്‍ പഞ്ചായത്തുകളിലേക്ക് കുടിവെള്ളം എത്തിച്ചിരുന്നത് ഇവിടെയുള്ള നാരായണന്‍ ചിറയില്‍ നിന്നായിരുന്നു. വറ്റാത്ത ഈ ശുദ്ധജലത്തടാകം അനേകം പക്ഷികളുടെയും താവളമാണ്.

Advertisement