വര്‍ഷങ്ങള്‍ക്കു മുമ്പ്  ‘പവനായി ശവമായി’ എന്നു ധരിച്ചവര്‍ക്കു തെറ്റി. അണ്ണാനഗറിലെ ഒരു ടവറില്‍ നിന്ന് വീണ് മരിച്ചെന്ന് എല്ലാവരും വിശ്വസിച്ച  പവനായി തിരിച്ചെത്തുകയാണ്.  മലപ്പുറം കത്തിയും മിഷ്യന്‍ ഗണ്ണും, അമ്പും വില്ലും മാത്രമല്ല ഇത്തവണ നവീന കൊലയായുധങ്ങളും പവനായിയുടെ പെട്ടിയിലുണ്ട്.

‘ഇതാ ഒരു സ്‌നേഹഗാഥ’യ്ക്കുശേഷം ക്യാപ്റ്റന്‍ രാജു രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘ മിസ്റ്റര്‍ പവനായി 99.99’ എന്ന ചിത്രത്തിലൂടെയാണ് പവനായി തിരിച്ചുവരുന്നത്. ക്യാപ്റ്റന്‍ രാജുതന്നെയാണ് പവനായിയായെത്തുന്നത്. വിജയരാഘവന്റെ മകന്‍ ദേവദേവനും പൊന്നമ്മബാബുവിന്റെ മകള്‍ പിങ്കിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Subscribe Us:

കോടന്‍ ബ്രദേഴ്‌സ് എന്ന കോടീശ്വരന്‍മാരായ സഹോദരന്‍മാര്‍ സ്വത്തു തട്ടിയെടുക്കുന്നതിനായി ഒരു പെണ്‍കുട്ടിയേയും കാമുകനേയും കൊല്ലാനുള്ള ദൗത്യം പവനായിയെ ഏല്‍പ്പിച്ചിരിക്കുകയാണ്. ഈ ദൗത്യം നടപ്പാക്കാനുള്ള പവനായിയുടെ ശ്രമങ്ങളും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് പുതിയ സിനിമയുടെ കഥ.  രണ്ടാംവരവില്‍ പവനായിയുടെ സഹായിയായി ഉണ്ടപക്രുവുമുണ്ട്.

പി.വി അബ്രഹാം പുല്ലമ്പള്ളി ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം അടുത്തമാസം ചിത്രീകരണമാരംഭിക്കും. ഹാസ്യപശ്ചാത്തിലാണ് ചിത്രമൊരുക്കുന്നത്.

ശ്രീനിവാസന്‍ എഴുതി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് 1987ല്‍ പുറത്തുവന്ന നാടോടിക്കാറ്റ് എന്ന സിനിമയില്‍ ക്യാപ്റ്റന്‍ രാജു അവതരിപ്പിച്ച പവനായി എന്ന കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു.