ഹൈദരാബാദ്: പോള്‍ വാല്‍താട്ടിയുടെ ഓള്‍റൗണ്ട് പ്രകടനത്തിന്റെ കരുത്തില്‍ പഞ്ചാബ് കിംഗ്‌സ് ഡെക്കാന്‍ ചാര്‍ജേര്‍സിനെ അവരുടെ തട്ടകത്തില്‍ 8 വിക്കറ്റിന് തകര്‍ത്തു. സ്‌കോര്‍; ഡെക്കാന്‍ 8/165, പഞ്ചാബ് 2/166.

തുടര്‍ച്ചയായ തോല്‍വികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഡെക്കാന്‍ ജയം ലക്ഷ്യമിട്ടായിരുന്നു കളിക്കാനിറങ്ങിയത്. ആദ്യം ബാറ്റുചെയ്ത ഡെക്കാന്‍ പൊരുതാവുന്ന സ്‌കോറാണ് (165) പടുത്തുയര്‍ത്തിയത്. ശിഖര്‍ ധവാന്‍ 45, സംഗക്കാര 35, ക്രിസ്റ്റ്യന്‍ 30 എന്നിവര്‍ ഡെക്കാനായി മികച്ച പ്രകടനം നടത്തി. നാലോവറില്‍ 29 റണ്‍സ് വഴങ്ങി നാലുവിക്കറ്റെടുത്ത വാല്‍താട്ടിയാണ് പഞ്ചാബിനായി ബൗളിംഗില്‍ മികച്ചുനിന്നത്.

മറുപടി ബാറ്റിംഗില്‍ ഗില്‍ക്രിസ്റ്റും വാല്‍താട്ടിയും ചേര്‍ന്ന് പഞ്ചാബിന് വെടിക്കെട്ട് തുടക്കം നല്‍കി. 46 പന്തില്‍ നിന്ന് ഗില്‍ക്രിസ്റ്റ് 61 റണ്‍സും 47 പന്തില്‍ നിന്ന് വാല്‍താട്ടി 75 റണ്‍സുമെടുത്തു. തുടര്‍ന്നെത്തിയ അഭിഷേക് നായരും കാര്‍ത്തിക്കും ചേര്‍ന്ന് കളി പൂര്‍ത്തിയാക്കുകയായിരുന്നു. വാല്‍താട്ടിയാണ് കളിയിലെ കേമന്‍.

ഹസിയുടെ കരുത്തില്‍ ചെന്നൈ
ബംഗ്ലാദേശിനെതിരായ പരമ്പര കഴിഞ്ഞ് തിരിച്ചെത്തിയ ഡേവിഡ് ഹസിയുടെ കരുത്തിലാണ് ചെന്നൈ ബാംഗ്ലൂരിനെ 21 റണ്‍സിന് തോല്‍പ്പിച്ചത്.

ആദ്യം ബാറ്റുചെയ്ത ചെന്നൈ 20 ഓവറില്‍ 183 എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. 56 പന്തില്‍ നിന്ന് 83 റണ്‍സുമായി ഹസി പുറത്താകാതെ നിന്നു. 31 റണ്‍സ് നേടിയ മുരളി വിജയും 29 റണ്‍സെടുത്ത റെയ്‌നയും 22 റണ്‍സെടുത്ത ധോണിയും ചെന്നൈയ്ക്കായി പൊരുതി.

മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിന് തുടക്കത്തില്‍തന്നെ വിക്കറ്റ് നഷ്ടമായി. 35 റണ്‍സെടുത്ത കോഹ്‌ലിയും 65 റണ്‍സെടുത്ത ഡിവില്ലിയേര്‍സും ക്രീസില്‍ നില്‍ക്കുമ്പോള്‍ ബാംഗ്ലൂരിന് വിജയപ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഇരുവരും പുറത്തായതോടെ ടീം അനിവാര്യമായ തോല്‍വിയിലേക്ക് കൂപ്പുകുത്തി.

ചെന്നൈയ്ക്കായി മോര്‍ക്കല്‍, രണ്‍ഡീവ് എന്നിവര്‍ രണ്ടുവിക്കറ്റെടുത്തു. ഹസിയാണ് കളിയിലെ താരം.