കൊച്ചി: മുത്തൂറ്റ് പോള്‍ വധക്കേസ് സി ബി ഐക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവ്. കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് പോളിന്റെ പിതാവ് നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് ബന്നൂര്‍മഠ്, തോട്ടത്തില്‍ ബി രാധാകൃഷണന്‍ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടത്. കേസില്‍ നീതിപൂര്‍വ്വവും ശരിയായ ദിശയിലും അന്വേഷണം നടക്കേണ്ടതുണ്ടെന്നും അതിനാല്‍ അന്വേഷണം സി ബി ഐക്ക് കൈമാറുകയാണെന്നും കോടതി വ്യക്തമാക്കി.

ക്രിമിനല്‍ കേസുകള്‍ സംബന്ധിച്ച ജസ്റ്റിസ് മളീമഠ്് കമ്മിറ്റി ശിപാര്‍ശകള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. ക്രിമിനല്‍ കേസുകള്‍ അന്വേഷിക്കുമ്പോള്‍ സംശയം ദൂരീകരിച്ച് കൊണ്ടായിരിക്കണമെന്ന് കോടതി വ്യക്തമാക്കി. ക്രൈംബ്രാഞ്ച് നല്‍കിയ കുറ്റപത്രം തിരിച്ച് വാങ്ങി സി ബി ഐ പുനരന്വേഷണം നടത്തണമെന്നാണ് കോടതി നിര്‍ദേശം. ആറു മാസത്തിനുള്ളില്‍ സി ബി ഐ അന്വേഷണം പൂര്‍ത്തിയാക്കണം. സി ബി ഐക്ക് എല്ലാ രേഖകളും കൈമാറണമെന്ന് പോലീസിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

പലപ്പോഴും അക്രമങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് നീതി ലഭിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. മളീമഠ് കമ്മിറ്റിയിലെ സുപ്രധാന നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതില്‍ വീഴ്ച വന്നിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. കേസില്‍ നേരത്തെ ഐ ജി എം വിന്‍സെന്റ് പോള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തെ കോടതി രൂക്ഷമായി വിമര്‍ശിച്ചിട്ടുമുണ്ട്. കേസിന്റെ രഹസ്യ സ്വഭാവത്തെ ബാധിക്കുന്നതാണ് വാര്‍ത്താ സമ്മേളനമെന്നും അത് ശരിയായില്ലെന്നും കോടതി വ്യക്തമാക്കി. കോടതി ഉത്തരവിന്റെ പകര്‍ക്ക് സി ബി ഐ ഡയരക്ടര്‍ക്കും പ്രോസിക്യൂഷനും സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.

ക്രൈംബ്രാഞ്ച് അന്വേഷിച്ച് കുറ്റപത്രം നല്‍കിയ കേസ് സി ബി ഐക്ക് കൈമാറുന്നതില്‍ നിയമപ്രശ്‌നമുണ്ടെന്നും സി ബി ഐക്ക് കൈമാറുന്നത് സര്‍ക്കാറിന്റെ അനുമതിയോടെയായിരിക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ പ്രോസിക്യൂഷന്‍ വാദം അംഗീകരിക്കുന്നുവെന്നും എന്നാല്‍ കേസ് സി ബി ഐക്ക് വിടുകയാണെന്നുമാണ് കോടതി വ്യക്തമാക്കിയത്.

കേസന്വേഷണത്തില്‍ വീഴ്ച വന്നിട്ടുണ്ടെന്നും എഫ് ഐ ആറിലും കുറ്റപത്രത്തിലും വൈരുദ്ധ്യങ്ങളുണ്ടെന്നുമായിരുന്നു പോളിന്റെ പിതാവ് ഹരജിയില്‍ ആരോപിച്ചിരുന്നത്. ഡ്രൈവര്‍ ഷിബുവിന്റെ ആദ്യ സ്റ്റേറ്റ്‌മെന്റില്‍ പറഞ്ഞിരുന്നത് പോള്‍ ഓടിച്ചിരുന്ന വാഹനത്തില്‍ മൂന്ന് വ്യക്തികള്‍ ഉണ്ടെന്നായിരുന്നുവെങ്കിലും പിന്നീട് ഇയാള്‍ മാറ്റിപ്പറഞ്ഞത് സംശയമുളവാക്കുന്നതാണ്. കേസിന്റെ തുടക്കത്തില്‍ ഐ ജി വിന്‍സെന്റ് പോള്‍ നടത്തിയ വാര്‍ത്താ സമ്മേളനം ശരിയായില്ലെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കേസില്‍ നേരത്തെ പോലീസ് കോടതിയില്‍ വിശദമായ സത്യവാങ്മൂലം നല്‍കിയിരുന്നു. മുത്തൂറ്റ് പോള്‍ വധക്കേസില്‍ പോലീസ് നല്‍കിയ സത്യവാങ്മൂലത്തില്‍ വല്ല സംശയവുമുണ്ടെങ്കില്‍ കേസ് മറ്റ് ഏജന്‍സികള്‍ക്ക് കൈമാറാമെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു.

പോളിന്റെ പിതാവിന് വേണ്ടി അഡ്വ ബെച്ചു കുര്യന്‍ ജോസാണ് കോടതിയില്‍ ഹാജരായത്.