കൊച്ചി: മൂത്തൂറ്റ് പോള്‍ എം ജോര്‍ജിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി സി ബി ഐ കണ്ടെടുത്തു. രണ്ട് കത്തികളാണ് കണ്ടെടുത്തത്. കത്തികള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. പോള്‍ കൊല്ലപ്പെടുന്ന സമയം കാരി സതീശും സത്താറും ഉപയോഗിച്ച കത്തികളാണ് ഇതെന്നാണ് സൂചന. ഏകദേശം എസ് ആകൃതിയിലുള്ള കത്തി തന്നെയാണ് ഇപ്പോള്‍ സി ബി ഐ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സി ജെ എം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

അതേസമയം കേസുമായി ബന്ധപ്പെട്ട് സി ബി ഐ ഇന്ന് അറസ്റ്റ് ചെയ്ത രണ്ട് പേരെ റിമാന്റ് ചെയ്തു. ഇസ്മാഈല്‍, സിദ്ദീഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ മണ്ണഞ്ചേരിയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പോളിനെ കുത്താനുപയോഗിച്ച ആയുധം ഒളിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഇന്നലെ സി ബി ഐ കസ്റ്റഡിയിലെടുത്ത ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയമാക്കിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നേരത്തെ പോളിനെ കൊലപ്പെടുത്താനുപയോഗിച്ചതായി ഉപയോഗിച്ചതെന്ന് പറഞ്ഞ പോലീസ് ഹാജരാക്കിയ എസ് എന്ന കത്തിയുമായി ബന്ധപ്പെട്ട് വിവാദം ഉടലെടുത്തിരുന്നു. കത്തി പോലീസ് പിന്നീട് നിര്‍മ്മിച്ചതായിരുന്നെന്നായിരുന്നു ആരോപണം.

കേസിലെ സുപ്രധാന പ്രതിയായ അനീഷിനെ ഇതുവരെ സി ബി ഐ കസ്റ്റഡിയിലെടുത്തിട്ടില്ല. അനീഷിനെ അറസ്റ്റ് ചെയ്യുന്നതോടെ വ്യക്തമായ ചിത്രം ലഭിക്കുമെന്നാണ് സി ബി ഐ കരുതുന്നത്. അബി കൊണ്ട് വന്ന ചങ്ങനാശ്ശേരി കൊട്ടേഷന്‍ സംഘത്തെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. ക്വട്ടേഷന്‍ സംഘം തങ്ങിയ വീട്ടില്‍ നിന്നാണ് ഇപ്പോള്‍ സി ബി ഐക്ക് ആയുധങ്ങള്‍ ലഭിച്ചത്.