കൊച്ചി: മുത്തൂറ്റ് പോള്‍.എം.ജോര്‍ജ് വധക്കേസിലെ കുറ്റപത്രം സി.ബി.ഐ സംഘം ഏറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് രണ്ട് കുറ്റപത്രമാണ് സി.ബി.ഐ സമര്‍പ്പിച്ചിരിക്കുന്നത്. പോള്‍ എം.ജോര്‍ജിന്റെ വധിച്ചു എന്ന കേസിലും അന്യായമായി സംഘം ചേര്‍ന്നു എന്ന കേസിലുമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

പോള്‍ എം.ജോര്‍ജ് വധക്കേസില്‍ ഒന്നാം പ്രതി ജയചന്ദ്രനും രണ്ടാം പ്രതി കാരി സതീശും ഉള്‍പ്പെടെ ആകെ 27 പ്രതികളാണുള്ളത്. പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സംഭവസമയത്ത് പോളിനൊപ്പമുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശികളായ ഓം പ്രകാശും പുത്തന്‍പാലം രാജേഷും പ്രതിപട്ടികയിലില്ല. ഇവരെ സാക്ഷികളായാണ് സി.ബി.ഐ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കൂടാതെ ഈ കേസില്‍ ഏഴുപേരെ മാപ്പുസാക്ഷികളാക്കിയിട്ടുണ്ട്.

രണ്ടാമത്തെ കുറ്റപത്രത്തില്‍ ജയചന്ദ്രന്റെ ക്വട്ടേഷന്‍ സംഘത്തെ ആലപ്പുഴയിലേക്ക് വിളിച്ചുവരുത്തിയ ആലപ്പുഴ സ്വദേശി അബിയാണ് ഈ കേസിലെ ഒന്നാം പ്രതി. രണ്ടാം പ്രതി ജയചന്ദ്രനും മൂന്നാം പ്രതി കാരി സതീശുമാണ്. ഈ കേസില്‍ ആകെ പതിനാല് പ്രതികളാണുള്ളത്.

കേസ് അന്വേഷിച്ച കേരള പോലീസിന്റെ നിഗമനങ്ങളെ ശരിവയ്ക്കുന്ന തരത്തിലാണ് സി.ബി.ഐ സംഘത്തിന്റെയും കണ്ടെത്തല്‍. കേരളാ പോലീസ് പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്ന ഓം പ്രകാശും പുത്തന്‍പാലം രാജേഷും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി എന്ന വ്യത്യാസം മാത്രമേയുള്ളൂ.പോളിനെ വധിക്കാനുപയോഗിച്ച ആയുധം സൂക്ഷിച്ചു എന്ന കുറ്റമാണ് പുതുതായി ചേര്‍ത്ത മൂന്നുപേര്‍ക്കെതിരെയുള്ളത്. ഈ ആയുധം സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. അതേസമയം പോലീസ് നേരത്തെ കണ്ടെത്തിയ എസ്.കത്തി വ്യാജമാണെന്ന് തന്നെയാണ് സി.ബി.ഐയുടേയും കണ്ടെത്തല്‍.