കൊച്ചി: കൊല്ലപ്പെട്ട ദിവസം പോള്‍ എം ജോര്‍ജ് എന്‍ഡവര്‍ കാറില്‍ ഓം പ്രകാശിനൊപ്പമാണ് യാത്ര ചെയ്തതെന്ന് പോളിന്റെ സഹോദരന്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. മനുവും ഓം പ്രകാശിനൊപ്പമുണ്ടായിരുന്നു. പോളിന്റെ ഡ്രൈവര്‍ ഷിബുവാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ഷിബുവിനൊപ്പം പുത്തന്‍ പാലം രാജേഷ് മാത്രമാണ് യാത്ര ചെയ്തിരുന്നത്. ഷിബുവിന്റെ മൊഴി റെക്കോഡ് ചെയ്ത് സൂക്ഷിട്ടിട്ടുണ്ടെന്നും ഇത് കോടതിയില്‍ സമര്‍പ്പിക്കാമെന്നും സഹോദരന്‍ കോടതിയെ അറിയിച്ചു. ഡ്രൈവര്‍ ഇപ്പോഴും മുത്തൂറ്റ് കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ട്. ഈ വിഷയങ്ങളെക്കുറിച്ച് മുത്തൂറ്റിലെ ജീവനക്കാരോട് ചോദിക്കുമ്പോള്‍ ആരേയോ ഭയപ്പെടുന്നതുപോലെയാണ് അവര്‍ മറുപടി പറയുന്നത്. പോള്‍ വധക്കേസ് അന്വേഷണത്തെക്കുറിച്ച് പോലീസ് ഇന്നലെ നല്‍കിയ സത്യവാങ്മൂലത്തിന് മറുപടി എന്ന നിലയിലാണ് സഹോദരന്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

കുടുംബാംഗങ്ങളുടെ മൊഴിയെടുത്ത പോലീസ് ഇതിന്റെ പ്രസക്തഭാഗങ്ങള്‍ ഒഴിവാക്കിയെന്ന് സത്യവാങമൂലത്തില്‍ ആരോപിക്കുന്നു. സംഭവത്തിനു പിന്നല്‍ ഗൂഢാലോചനയുണ്ടെന്നും കൊല നടന്ന ദിവസം പോളിന് വന്ന ഫോണിന്റെ വിശദാംശങ്ങള്‍ പരിശോധിക്കണമെന്നും കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ ഇത് പോലീസ് ഒഴിവാക്കിയെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.