കണ്ണൂര്‍: റീ പോളിങ് നടക്കുന്ന കണ്ണൂര്‍ പട്ടുവത്ത് സംഘര്‍ഷം തുടരുന്നു. ഇരു വിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും നടന്നു. പോലീസെത്തി പ്രവര്‍ത്തകരെ അനുനയിപ്പിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് സ്ഥലത്ത് വീണ്ടും സംഘര്‍ഷമുണ്ടായി. ഇതിനിടെ ബോംബേറ് നടന്നു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. വാക്കേറ്റത്തിനിടെ സ്ത്രീക്ക് പരിക്കേറ്റിട്ടുണ്ട്.

പട്ടുവത്ത് പോളിങ് നിര്‍ത്തിവെക്കണമെന്ന് യു.ഡി.എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ബൂത്ത് കയ്യേറിയെന്ന പരാതിയെ തുടര്‍ന്ന് പട്ടുവത്തെ വോട്ടിങ് മാറ്റിവെക്കുകയായിരുന്നു.

റീപോളിങ് നടക്കുന്ന തില്ലങ്കേരി പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ യു.ഡി.എഫ് വോട്ടെടുപ്പ് ബഹിഷ്‌കരിക്കുകയാണ്. എല്‍.ഡി.എഫ് പ്രവര്‍ത്തകരും പോലീസും തങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നും മതിയായ സുരക്ഷയില്ലാതെ ബൂത്തിലെത്താന്‍ കഴിയില്ലെന്നും യു.ഡി.എഫ് ജില്ലാ നേതൃത്വം വ്യക്തമാക്കി.