എഡിറ്റര്‍
എഡിറ്റര്‍
പാട്‌ന സ്‌ഫോടനം: പ്രതിയുടെ മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ വിസമ്മതിച്ചു
എഡിറ്റര്‍
Monday 4th November 2013 12:52pm

patna-blast

പാട്‌ന: കഴിഞ്ഞ ഞായറാഴ്ച പാട്‌നയില്‍ നടന്ന സ്‌ഫോടനപരമ്പരകളില്‍ പ്രതിയെന്ന് സംശയിക്കപ്പെടുന്നയാളിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ വിസമ്മതിച്ചതായി പൊലീസ്.

ബോംബ് വയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ തലയ്‌ക്കേറ്റ പരിക്കിനെ തുടര്‍ന്നാണ് ഐനുല്‍ അന്‍സാരി എന്ന താരിഖ് മരണമടഞ്ഞത്.

‘മൃതദേഹം ഏറ്റെടുക്കാന്‍ ഇതുവരെ ആരും എത്തിയിട്ടില്ല.’ പാട്‌ന റെയില്‍വേ പൊലീസ് സൂപ്രണ്ട് ഉപേന്ദ്ര കുമാര്‍ സിങ് പറഞ്ഞു.

ഒക്ടോബര്‍ 27-ന് നടന്ന ഏഴ് സ്‌ഫോടനങ്ങളുടെ പരമ്പരയില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഗാന്ധി മൈതാനിയില്‍ എന്‍.ഡി.എ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി പാര്‍ട്ടി റാലിയെ അഭിസംബോധന ചെയ്യുന്നതിന് തൊട്ട് മുമ്പായിരുന്നു ആറ് സ്‌ഫോടനങ്ങളും നടന്നത്. ഏഴാമത്തെ സ്‌ഫോടനം നടന്നത് പാട്‌ന റെയില്‍വേ സ്റ്റേഷനിലായിരുന്നു.

റെയില്‍വേ സ്റ്റേഷനിലുണ്ടായ സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ താരീഖ് വെള്ളിയാഴ്ച പാട്‌ന ഇന്ദിര ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലിരിക്കവേയാണ് മരണമടഞ്ഞത്.

പാട്‌ന മെഡിക്കല്‍ കോളജിലാണ് ഇപ്പോള്‍ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

‘സുരക്ഷാകാരണങ്ങളാല്‍ മോര്‍ച്ചറിയ്ക്ക് പുറത്ത് റെയില്‍വേ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.’ പൊലീസ് പറയുന്നു.

മൃതദേഹം ഏറ്റെടുക്കില്ലെന്ന് ഐനുളിന്റെ പിതാവ് ഝാര്‍ഖണ്ഡ് റാഞ്ചിയിലെ ധ്രുവ സ്വദേശിയായ അത്താവുള്ള അന്‍സാരി  കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

‘ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്നും ഗുരുതരമായി പരിക്കേറ്റെന്നും കേട്ടപ്പോള്‍ തന്നെ ഐനുള്‍ എന്റെ പുത്രനല്ലെന്ന് ഞാന്‍ പറഞ്ഞു കഴിഞ്ഞതാണ്. മൃതദേഹത്തിന് അവകാശമുന്നയിക്കുന്ന ചോദ്യം തന്നെ പ്രസക്തമല്ല.’ എഴുപതുകാരനായ അന്‍സാരി പറഞ്ഞു.

ഇസ്ലാമില്‍ ഭീകരവാദത്തിന് സ്ഥാനമില്ലെന്ന് അദ്ദേഹം പറയുന്നു.

‘ഇസ്ലാം നിയമങ്ങള്‍ ലംഘിച്ചതിനാല്‍ ഐനുള്‍ എന്റെ മകനല്ല.’ അന്‍സാരി പ്രതികരിച്ചു.

മതാചാരപ്രകാരം ശവശരീരം സംസ്‌കരിക്കുന്നതിന് മുമ്പ് 72 മണിക്കൂര്‍ മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിക്കുമെന്ന് ഉപേന്ദ്രകുമാര്‍ സിങ് അറിയിച്ചു.

പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും അത് വീഡിയോ ദൃശ്യമായി സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്.

ബോംബ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ നിലയിലാണ് ഐനുളിനെ പൊലീസ് കണ്ടെത്തിയത്.

എന്നാല്‍ ഇയാളെ തിരിച്ചറിയുന്നതിന് മുമ്പ് സ്‌ഫോടനത്തിന്റെ ഇരയാണെന്നായിരുന്നു പൊലീസ് കരുതിയത്.

Advertisement