കൊച്ചി: കരുണാകരനൊപ്പം നിന്നവരെ കോണ്‍ഗ്രസ് നേതൃത്വം വെട്ടിനിരത്തിയെന്ന് പത്മജ വേണുഗോപാല്‍. കരുണാകരനൊപ്പം നിന്നവരെ നേതൃത്വം വെട്ടിനിരത്തി. ഇതില്‍ സങ്കടമുണ്ട്. ഇത്രവേഗം മറക്കാവുന്ന ഒരു നേതാവാണോ കരുണാകരനെന്നും പത്മജ ചോദിച്ചു.

അദ്ദേഹത്തിന്റെ ആത്മാവുറങ്ങുന്ന തൃശൂരില്‍ ഒരു സീറ്റ് പോലും നല്‍കിയില്ല. ഇതില്‍ കരുണാകരന്റെ ആത്മാവ് പൊറുക്കില്ലെന്നും പത്മജ പറഞ്ഞു. സ്ഥാനാര്‍ഥി പട്ടികയില്‍ തഴയപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയില്‍ കരുണാകര അനുകൂലികളുടെ യോഗം ചേര്‍ന്ന ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പത്മജ.

എന്നാല്‍ മുന്നണിയുടെ വിജയത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ താനോ തന്റെ കൂടെ നില്‍ക്കുന്നവരോ പ്രവര്‍ത്തിക്കില്ല. സ്ഥാനാര്‍ഥികളുടെ പട്ടിക താന്‍ നേതൃത്വത്തിന് നല്‍കിയപ്പോള്‍ അനുകൂല നിലപാടാണ് ഹൈക്കമാന്റില്‍ നിന്നുള്‍പ്പെടെ ലഭിച്ചത്. പിന്നീട് എവിടെ വെച്ചാണ് ഈ പട്ടിക വെട്ടിമാറ്റപ്പെട്ടതെന്ന് അറിയില്ല.

ഇത് സംബന്ധിച്ച് ഹൈക്കമാന്‍ഡിന് പരാതി നല്‍കുമെന്നും പത്മജ പറഞ്ഞു. സാധ്യതാപട്ടികയില്‍ തന്റെയും മുരളിയുടെയും പേര് ഒരു മണ്ഡലത്തില്‍ ഇട്ടത് തമ്മില്‍ തെറ്റിക്കാനാണെങ്കില്‍ ആ ശ്രമം വിജയിക്കില്ലെന്നും പത്മജ പറഞ്ഞു.