മലയാളത്തിന് ഒരിക്കലും മറക്കാനാവാത്ത കുറേയേറെ സിനിമകള്‍ പിറന്ന തൂലികയാണ് പത്മരാജന്റേത്. അദ്ദേഹത്തിന്റെ അഭാവം മലയാളത്തിന് ഒരിക്കലും നികത്താനാവാത്തതാണ്. എന്നും മനസിലോര്‍ക്കാന്‍ പാകത്തില്‍ കുറേയേറെ സിനിമകള്‍ അവശേഷിപ്പിച്ച യാത്രയായ പത്മരാജന്റെ പാത പിന്‍തുടരാന്‍ അദ്ദേഹത്തിന്റെ മകനെത്തുകയാണ്.

വേനലിന്റെ കളനീക്കങ്ങള്‍ എന്ന ചിത്രത്തിനുവേണ്ടിയാണ് അനന്തപത്മനാഭന്‍ തൂലിക ചലിപ്പിക്കുന്നത്. ഏറെ ശ്രദ്ധനേടിയ ഇതേ പേരിലുള്ള പുസ്തകത്തിന്റെ തിരക്കഥാ രൂപമാണ് ചിത്രം. മാധ്യമപ്രവര്‍ത്തകനായ കെ.ബി വേണുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അനന്തപത്മനാഭന്‍ തന്റെ പാത പിന്തുടരുന്നതില്‍ പത്മരാജന് താല്‍പര്യമില്ലായിരുന്നു. കുട്ടിക്കാലത്ത് തന്നെ മകന്റെ മനസിലെ ആഗ്രഹം തിരിച്ചറിഞ്ഞ പത്മരാജന്‍ അദ്ദേഹത്തെ ശാസിക്കുകയാണുണ്ടായത്. എന്നാല്‍ ജീവിതത്തിന്റെ അവസാന നാളുകളില്‍ പത്മരാജന്‍ അനന്തപത്മനാഭനോട് പറഞ്ഞു, ‘ നീ സിനിമയില്‍ എത്തുന്നുണ്ടെങ്കില്‍ സംവിധായകനാവേണ്ട. എഴുത്തിനെ സ്വീകരിക്കുക’

എഴുത്തുകാരനെന്ന നിലയില്‍ ഇതിനകം തന്നെ ശ്രദ്ധനേടിയ അനന്തപത്മനാഭന്‍ അജിത് ലാലിനുവേണ്ടി ഒരു ചന്ദ്രന്‍ എന്ന ഹ്രസ്വചിത്രം ചെയ്തിരുന്നു.

പതിവ് ചലച്ചിത്ര സമ്പ്രദായങ്ങളെ നിരാകരിച്ച മഹാനായ ചലച്ചിത്രകാരന്റെ മകന്റെ സിനിമ എന്നത് തന്നില്‍ വലിയ ഉത്തരവാദിത്വങ്ങളാണ് ഏല്‍പ്പിക്കുന്നതെന്ന് അനന്തപത്മനാഭന്‍ പറയുന്നു.

നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയാണ് ചിത്രത്തില്‍ നായകവേഷത്തിലെത്തുന്നത്. റീമാ കല്ലിങ്കലാണ് നായിക. പ്രതാപ് നായരാണ് ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നത്.

വി.എസ് രതീഷ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പൂജ കൊച്ചിയില്‍ നടന്നു. കെ.ജി ജോര്‍ജ് ഭദ്രദീപം തെളിയിച്ച ചടങ്ങില്‍ ചലച്ചിത്രലോകത്തെ പ്രമുഖര്‍ പങ്കെടുത്തു.