ബ്ലെസി സംവിധാനം ചെയ്ത കാഴ്ചയിലൂടെ മമ്മൂട്ടിയുടെ നായികയായി വെള്ളിത്തിരയിലെത്തിയ നടി പത്മപ്രിയ അഭിനയത്തോട് താത്കാലികമായി വിട പറയുന്നു. ഉപരിപഠനമാണ് നടിയുടെ ലക്ഷ്യം. ഇതിനായി യു.എസിലേക്ക് പറന്നിരിക്കുകയാണ് നടിയിപ്പോള്‍.

ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ എംഎ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിനാണ് നടി ചേര്‍ന്നിരിയ്ക്കുന്നത്.സിനിമയോട് സ്ഥിരമായി വിട പറയുന്നില്ലെന്നും ഇടവേളകളില്‍ നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ അഭിനയിക്കാനാണ് തീരുമാനമെന്നും അവര്‍ വ്യക്തമാക്കുന്നു.

ജയരാജിന്റെ സംവിധാനത്തില്‍ ജയറാമിനൊപ്പം നായിക എന്ന ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് പത്മപ്രിയ പഠനം തുടരാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ ഏഴ് വര്‍ഷമായി സിനിമാരംഗത്തുണ്ടെങ്കിലും താനൊരു മികച്ച നടിയല്ലെന്നാണ് പത്മപ്രിയയുടെ സ്വയം വിലയിരുത്തല്‍. ഗ്ലാമര്‍ റോളുകള്‍ ചെയ്യുന്നതിന് ബുദ്ധിമുട്ടില്ലെന്നും കഥാപാത്രം ആവശ്യപ്പെടുന്നുണ്ടെങ്കില്‍ നഗ്‌നയാവാന്‍ മടിയ്ക്കില്ലെന്നും താരം പറയുന്നു. സെക്‌സി ലുക്കിനെ ഞാന്‍ എതിര്‍ക്കുന്നില്ല. എന്നാല്‍ സ്ത്രീ വെറും ലൈംഗികതയുടെ പ്രതീകമായി മാറ്റപ്പെടുന്നതിനെ താന്‍ എതിര്‍ക്കുംമടിയില്ലാതെ പത്മപ്രിയ തുറന്നുപറയുന്നു.

മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്‌ഗോപി, ജയറാം തുടങ്ങി മലയാളത്തിലെ പ്രമുഖ നടന്‍മാരുടെ നായികയായി പത്മപ്രിയ എത്തിയിട്ടുണ്ട്. പഴശിരാജ, കറുത്തപക്ഷികള്‍ തുടങ്ങിയ ചിത്രങ്ങളില്‍ പത്മപ്രിയ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. നടി എന്നതിനു പുറമേ നല്ലൊരു നര്‍ത്തകി കൂടിയാണിവര്‍.