എഡിറ്റര്‍
എഡിറ്റര്‍
കപ്പപ്പുഴുക്കും ചക്കവരട്ടിയില്‍ പത്മപ്രിയയുടെ ഐറ്റം നമ്പര്‍
എഡിറ്റര്‍
Tuesday 22nd May 2012 11:30am

തന്റെ അഭിപ്രായം തുറന്ന് പറയാന്‍ എപ്പോഴും ധൈര്യം കാണിച്ചിട്ടുള്ള നടിയാണ് പത്മപ്രിയ. ശാലീന സുന്ദരി കഥാപാത്രങ്ങളിലൂടെ മലയാളി മനസില്‍ ഇടംതേടിയ പത്മപ്രിയ താന്‍ ഗ്ലാമറിനോട് മുഖം തിരിക്കില്ലെന്ന് പ്രഖ്യാപിച്ചത് ആ ധൈര്യം കാരണമാണ്.

ഗ്ലാമര്‍ പ്രദര്‍ശനത്തിന് തയ്യാറാണെന്ന് പറഞ്ഞ പത്മപ്രിയ ഐറ്റം നമ്പര്‍ ചെയ്യാനുള്ള ആഗ്രഹവും നേരത്തെ വെളിപ്പെടുത്തിയിരുന്നു. ചിക്കിന് ചമേലി, മുന്നി ബദ്‌നാം ഹുയീ പോലുള്ള ഐറ്റം നമ്പര്‍ ചെയ്യാന്‍ തനിക്കും ആഗ്രഹമുണ്ടെന്നാണ് പ്രിയ വെളിപ്പെടുത്തിയത്.

നടിയുടെ ആ ആഗ്രഹവും സാധിക്കുകയാണ്. ബാച്ചിലര്‍ പാര്‍ട്ടിയിലൂടെ സംവിധായകന്‍ അമല്‍ നീരദാണ് നടിയുടെ ആഗ്രഹം സഫലമാക്കാനൊരുങ്ങുന്നത്. ചിത്രത്തില്‍ കപ്പപ്പുഴുക്കും ചക്കവരട്ടി എന്ന് തുടങ്ങുന്ന ഐറ്റം ഗാനമാണ് പത്മപ്രിയയ്ക്കായി അമല്‍ ഒരുക്കിയിരിക്കുന്നത്.

സംവിധായകന്‍ തന്നെ നിര്‍മിയ്ക്കുന്ന ബാച്ചിലര്‍ പാര്‍ട്ടിയിലെ ഈ ഐറ്റം സോങില്‍ യാതൊരു പ്രതിഫലവും കൈപ്പറ്റാതെയാണ് നടി അഭിനയിച്ചതെന്നും അറിയുന്നു. ജൂണ്‍ രണ്ടാംവാരം ബാച്ചിലര്‍ പാര്‍ട്ടി തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തന്റെ ഐറ്റം എക്‌സ്പീരിയന്‍സിനെക്കുറിച്ച് നടി പറയുന്നതിങ്ങനെ ‘നൃത്തം ചെയ്യാന്‍ എനിക്കിഷ്ടമാണ്. ഈ നൃത്തരംഗം മുഴുവന്‍ വളരെ മനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. അടിസ്ഥാനപരമായി ഈ ഗാനം സിനിമയുടെ ഭാഗമല്ല. ചിത്രത്തിന്റെ അവസാനമുള്ള ടൈറ്റില്‍ സോംഗാണിത്.’

‘ നടിയെന്ന നിലയില്‍ പത്മപ്രിയയെ എനിക്കിഷ്ടമാണ്. ഉറച്ച നിലപാടുള്ള അവര്‍ക്ക് അതുമായി മുന്നോട്ടുപോകാനുള്ള ധൈര്യമുണ്ട്. ഈ ഡാന്‍സ് സീനിന് ഏറ്റവും അനുയോജ്യയായ താരമാണ് പത്മപ്രിയ’ നടിയെ ഐറ്റം നമ്പറിനായി തിരഞ്ഞെടുത്ത സംവിധായകന്‍ അമല്‍ നീരദ് പറയുന്നു.

തമിഴടക്കമുള്ള മറ്റുഭാഷകളില്‍ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തിട്ടുള്ള പത്മപ്രിയ ഇതാദ്യമായണ് മലയാളത്തില്‍ ഐറ്റം സോങിനായി ചുവടുവെയ്ക്കുന്നത്.

Advertisement