pathmanabhaswami-temple തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകള്‍ തുറന്നു പരിശോധന തുടങ്ങി. സുപ്രിംകോടതി നിയമിച്ച ജസ്റ്റിസ് എം.എന്‍.കൃഷ്ണന്‍, ജസ്റ്റിസ് സി.എസ്. രാജന്‍, സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായി അഡിഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, രാജകുടുംബാംഗം ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ, പുരാവസ്തുവകുപ്പ് ഡയറക്ടര്‍, ക്ഷേത്രം എക്‌സിക്യൂട്ടിവ് ഓഫിസര്‍ , ഹര്‍ജിക്കാരന്‍ ടി.പി സുന്ദര്‍രാജ് എന്നിവരുടെ സാന്നിധ്യത്തിലാണ് നിലവറകള്‍ തുറക്കുന്നത്.

രത്‌നങ്ങള്‍ ഉള്‍പ്പടെ അമൂല്യ വസ്തുക്കളുടെ ശേഖരം ഉണ്ടെന്ന് കരുതപ്പെടുന്ന ആറുനിലവറകളാണ് തുറന്ന് പരിശോധിക്കുന്നത്. ക്ഷേത്രത്തിന്റെ ജംഗമസ്വത്തുക്കള്‍ തിട്ടപ്പെടുത്തി യഥാര്‍ഥ കണക്ക് തയാറാക്കുന്നതിനായാണ് പരിശോധന നടത്തുന്നത്. ആറ് രഹസ്യ അറകളില്‍ രണ്ടെണ്ണം 1875-ന് ശേഷം തുറന്നിട്ടില്ല. ഇവയില്‍ അമൂല്യ രത്‌നശേഖരം ഉണ്ടെന്നാണ് വിശ്വാസം. നൂറുകണക്കിന് സ്വര്‍ണക്കുടങ്ങളും സ്വര്‍ണം, വെള്ളി ആഭരണങ്ങളും തിരുവാഭരണം ഉള്‍പ്പടെയുള്ള അമൂല്യ വസ്തുക്കളുമാണ് നിലവറകളില്‍ സൂക്ഷിച്ചിട്ടുള്ളതായാണ് വിശ്വാസം. നിലവറകളില്‍ കണ്ടെത്തുന്ന വസ്തുക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങളെ അറിയിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

രണ്ടുപതിറ്റാണ്ടിലേറെ പഴക്കമുള്ള പദ്മനാഭസ്വാമി ക്ഷേത്രം 1750 ല്‍ മാര്‍ത്താണ്ഡവര്‍മയാണ് പുതുക്കി പണിതത്. തിരുവിതാംകൂര്‍ ചരിത്രത്തിലേക്ക് വെളിച്ചംവീശുന്ന ഒട്ടേറെ വസ്തുതകള്‍ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ചരിത്രഗവേഷകര്‍. പഴയകാലത്തെ സ്വര്‍ണം വെള്ളി നാണയങ്ങള്‍, ആഭരണങ്ങളുടെ ശൈലി, എന്നിവ വിജയനഗരം, വേണാട് തുടങ്ങിയ രാജവംശങ്ങളുടെ ചരിത്രപാഠങ്ങളെക്കുറിച്ച് പുതിയ തെളിവുകള്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.