pathmanabhaswami-templeതിരുവനന്തപുരം: ഒന്നര നൂറ്റാണ്ടായി തുറക്കാത്ത ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളില്‍ കോടിക്കണക്കിന് രൂപയുടെ സ്വത്തുവകകളാണ് സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി. ഇന്നലെ നിലവറകളിലെ ഒരു അറിയില്‍ നിന്നും പൊന്‍കിരീടവും മാലകളും രത്‌നങ്ങളും ഉള്‍പ്പെടെ ഏകദേശം 20,000 കോടി രൂപവില മതിക്കുന്ന നിധിശേഖരമാണ് കണ്ടെത്തിയത്. അറയിലുണ്ടായിരുന്ന നിധിയുടെ 30 ശതമാനം മാത്രമാണിത്.

ഇന്നലെ തുറന്ന അറയ്ക്ക് രണ്ടര മീറ്റര്‍ നീളവും രണ്ടര മീറ്റര്‍ വീതിയും ഒന്നര മീറ്റര്‍ പൊക്കവുമുണ്ട്. അതിനുള്ളില്‍ ഒരാള്‍ക്ക് കുനിഞ്ഞു നില്‍ക്കാനേ കഴിയൂ. ഒരു വലിയ മരപ്പെട്ടിയും അതിനുള്ളിലുണ്ടായിരുന്നു. കാലപ്പഴക്കത്താല്‍ പെട്ടി ദ്രവിച്ച് അതിലുള്ള സ്വര്‍ണവും രത്‌നവുമെല്ലാം പുറത്തേക്ക് ചിതറിയ നിലയിലായിരുന്നു. കൂടാതെ, അറയുടെ മറ്റ് ഭാഗങ്ങളില്‍ അലക്ഷ്യമായി ഇട്ടിരുന്ന രീതിയിലുമായിരുന്നു സ്വര്‍ണക്കയറും സ്വര്‍ണക്കട്ടികളുമൊക്കെ. ഒരു ടണ്ണോളം സ്വര്‍ണക്കതിര്‍, രത്‌നങ്ങള്‍, നൂറുക്കണക്കിന് സ്വര്‍ണമാലകള്‍, സ്വര്‍ണ ദണ്ഡുകള്‍, തുടങ്ങിവയൊക്കെ ഉണ്ടായിരുന്നു. കൂടാതെ സ്വര്‍ണനാണയങ്ങളുടെ കൂമ്പാരവും.

ശരപ്പൊളി മാലകളുടെ വലിയൊരു ശേഖരം തന്നെ ഉള്ളിലുണ്ടായിരുന്നു. ഇവയില്‍ ചിലതിന് രണ്ടര കിലോയോളം തൂക്കം വരും. മറ്റു ചിലതിന് 18 അടിയിലേറെ നീളവുമുണ്ടായിരുന്നു. ശ്രീപത്മനാഭ വിഗ്രഹത്തില്‍ ചാര്‍ത്താന്‍ പാകത്തിലുള്ളവയായിരുന്നു ഇവയൊക്കെ. ബല്‍ജിയം വിഭാഗത്തില്‍പ്പെടുന്ന രത്‌നങ്ങളും ഒരു ചാക്കിലേറെ വരും. ഇവയുടെ മൂല്യം എത്രയാണെന്ന് ആര്‍ക്കുമറിയില്ല. ഏകദേശമൂല്യം കണക്കാക്കിയാല്‍ മാത്രം കോടികള്‍ വരും. കുലശേഖരപ്പെരുമാള്‍ കിരീടവും ഉണ്ടായിരുന്നു. മാലകളില്‍ വജ്രങ്ങളും മാണിക്യവും മരതകവുമൊക്കെ പതിച്ചിരുന്നു. രണ്ടു കിലോ തൂക്കമുള്ള സ്വര്‍ണ അരപ്പട്ടയും ഡച്ച് കാശിമാലയുമെല്ലാം ശേഖരത്തിലുണ്ടായിരുന്നു.

അറ ഗ്രാനൈറ്റ് പോലുള്ള കല്ലുകള്‍ പാകിയ നിലയിലായിരുന്നു. കാലങ്ങളായി ഇത് തുറക്കാത്തതുകൊണ്ടാകും അതിനുള്ളില്‍ കറുത്ത മണ്ണും പൊടിയും നിറഞ്ഞിരുന്നു. സ്വര്‍ണനാണയങ്ങളുടെ കണക്കെടുപ്പാകും ഇന്ന് നടക്കുക. സ്വര്‍ണനാണയത്തിന് 50 പൈസയുടെ വലിപ്പം വരും. അതിനേക്കാള്‍ ചെറുതായ സ്വര്‍ണരാശികളുടെ കൂമ്പാരവും ഉണ്ടായിരുന്നു. പഴയ ഒരു പൈസ തുട്ടിന്റെ വലിപ്പമാണിവയ്ക്ക്. ഇവ ഓരോന്നായി എണ്ണിയെടുക്കുക അസാധ്യമായിരുന്നതിനാല്‍ എങ്ങനെ ഇവയുടെ മൂല്യം കണക്കാക്കാമെന്ന് സുപ്രിംകോടതി നിര്‍ദ്ദേശിച്ച ഏഴംഗ സംഘം ഇന്ന് തീരുമാനിക്കും. അറയിലെ ശേഷിക്കുന്ന 70 ശതമാനത്തിന്റെ കണക്ക് ഇന്ന് തീരുമെന്ന് ഉറപ്പില്ല. അങ്ങനെയെങ്കില്‍ നാളെയും തുടര്‍ന്നേക്കും. ഇതുകഴിഞ്ഞാല്‍ മാത്രമേ രണ്ടാമത്തെ അറ തുറക്കൂ. കൂടാതെ ക്ഷേത്രത്തിലെ നിത്യോപയാഗ സാധനങ്ങള്‍ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന എഫ് എന്ന അറയും തുറക്കാനുണ്ട്.

ഒന്നര നൂറ്റാണ്ടായി തുറക്കാതെ കിടന്ന അറയില്‍ ഫയര്‍ഫോഴ്‌സ് എത്തി ഇടയ്ക്കിടെ ഓക്‌സിജന്‍ പമ്പ് ചെയ്താണ് ഉള്ളിലിറങ്ങി നിധി പുറത്തെടുത്ത് കണക്കെടുക്കുന്നത്. ബുധനാഴ്ച നടത്തിയ പരിശോധനയില്‍ നിലവറ പൂര്‍ണമായും തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. നിലവറയുടെ ഉരുക്ക് അഴിയും അതിനുള്ളില്‍ ഈട്ടികൊണ്ടുള്ള രണ്ട് വാതിലുകളും കഴിഞ്ഞദിവസം തുറന്നിരുന്നു. ഇതിനകത്ത് കഷ്ടിച്ച് ഒരാള്‍ക്ക് മാത്രം കടക്കാന്‍ കഴിയുന്ന പടിക്കെട്ടുകളോടുകൂടിയ ഇടനാഴിയുണ്ട്. പടിക്കെട്ടുകളിലൂടെ ഇറങ്ങി എട്ടടി നീളമുള്ള ഭൂഗര്‍ഭ അറയിലെത്താം. ഇരുമ്പുപ്പുട്ടുകളും മരവാതിലും തുറന്നാല്‍ വലിയ രണ്ടുകല്ലുകള്‍ തടസ്സമായുണ്ടായിരുന്നു. അത് മാറിയ നിലയിലായിരുന്നതിനാല്‍ അത് മാറ്റേണ്ടിവന്നില്ല.

രഹസ്യ നിലവറകളില്‍ ആദ്യത്തേത് തുറന്നപ്പോള്‍ തന്നെ 450 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണവും വെള്ളിയും കണ്ടെത്തി. പൈതൃകമൂല്യം കണക്കാക്കാതെയാണ് ഈ വില. 450 സ്വര്‍ണക്കുടങ്ങള്‍, സ്വര്‍ണത്തിലുള്ള കാരയം, 30 വെള്ളിക്കിണ്ടികള്‍, 20 വെള്ളി നിലവിളക്കുകള്‍, നാല് വെള്ളി ഉരുളികള്‍, വെള്ളി കുടംമൂടി എന്നിവയ്ക്ക് പുറമെ നടവരവായി ലഭിച്ച സ്വര്‍ണവും വെള്ളിയും ഇവിടെ സൂക്ഷിച്ചിട്ടുണ്ടായിരുന്നു.

ക്ഷേത്രത്തില്‍ ആറ് നിലവറകളാണുള്ളത്. ഇതില്‍ നാലെണ്ണം വിശേഷ അവസരങ്ങളില്‍ തുറക്കാറുണ്ട്. ശേഷിക്കുന്നവ കാലങ്ങളായി അടഞ്ഞുകിടക്കുകയായിരുന്നു. നരസിംഹമൂര്‍ത്തിയുടെ തെക്കുപടിഞ്ഞാറേ മൂലയിലുള്ള ഭരതക്കോണ്‍ നിലവറയായ ബി നിലവറയാണ് ഇനി പ്രധാനമായും തുറക്കാനുള്ളത്. സഹസ്രകോടികള്‍ വിലമതിക്കുന്ന സ്വര്‍ണ നിധി ക്ഷേത്രത്തില്‍ ഉണ്ടെന്ന് കണ്ടെത്തിയതോടെ ഇവിടെ ശക്തമായ സുരക്ഷവേണമെന്ന് സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇത് എങ്ങനെ വേണമെന്ന് അവലോകനം ചെയ്യണമെന്നും റിപ്പോര്‍ട്ടിലുണ്ട്. താത്ക്കാലികമായി കനത്തസുരക്ഷ ക്ഷേത്രത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.