എഡിറ്റര്‍
എഡിറ്റര്‍
പത്മനാഭസ്വാമി ക്ഷേത്ര സ്വത്ത്: കേസില്‍ വി.എസ് കക്ഷി ചേരും
എഡിറ്റര്‍
Friday 9th November 2012 12:16pm

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത് സംബന്ധിച്ച കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും കക്ഷി ചേരും. സുപ്രീം കോടതിയിലെ കേസിലാണ് വി.എസ് കക്ഷി ചേരുന്നത്.

കോടതിയുമായി ബന്ധപ്പെട്ട് ഉടന്‍ തന്നെ ഇതിനുള്ള നടപടിക്രമങ്ങള്‍ നീക്കാനാണ് വി.എസിന്റെ തീരുമാനം. ക്ഷേത്രഭരണം രാജകുടുംബത്തിനെ ഏല്‍പ്പിക്കാനുള്ള തീരുമാനത്തിനെതിരെ ഇതിന് മുന്‍പും വി.എസ് രംഗത്തെത്തിയിരുന്നു.

Ads By Google

ഇതിന് പിന്നാലെയാണ്   നിയമപോരാട്ടത്തില്‍ പങ്കാളിയാകാന്‍ വി.എസ് തീരുമാനമെടുത്തത്. ഇതേക്കുറിച്ച് അദ്ദേഹം നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തിയതായാണ് വിവരം.

ശ്രീപത്മനാഭസ്വാമിക്ഷേത്രാധികാരവും ക്ഷേത്രസ്വത്ത് പരിപാലനവും സംബന്ധിച്ച കേസില്‍ സുപ്രീംകോടതി നിയോഗിച്ച അമിക്കസ്‌ക്യൂറി ഒരുകക്ഷിയുടെ വക്കീലായി പരിണമിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു.

തിരുവിതാംകൂറില്‍ ഇപ്പോള്‍ രാജാവില്ലെന്നും അതുകൊണ്ട് രാജാവെന്ന നിലയില്‍ ക്ഷേത്രാധികാരത്തിന് അവകാശവാദമുന്നയിക്കാന്‍ ഉത്രാടംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് യാതൊരവകാശവുമില്ലെന്നും 2007-ല്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ്‌കോടതി വിധിച്ചതാണ്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് 2011-ല്‍ അത് ശരിവെച്ചതും ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ് മാതൃകയില്‍ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന് സ്വതന്ത്രഭരണസംവിധാനമുണ്ടാക്കണമെന്ന് നിര്‍ദ്ദേശിച്ചതുമാണ്.

അതിനെതിരെ മുന്‍ രാജകുടുംബത്തിന്റെ അപ്പീലും അനുബന്ധ ഹര്‍ജികളുമാണ് സുപ്രീംകോടതി ഇപ്പോള്‍ പരിഗണിച്ചുകൊണ്ടിരിക്കുന്നത്. കേസില്‍ സുപ്രീംകോടതിയെ സഹായിക്കാന്‍ നിയുക്തനായ മുന്‍ അറ്റോര്‍ണി ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം അപ്പീല്‍ ഹര്‍ജിക്കാരനായ ഉത്രാടം തിരുനാളിനെയും മുഖ്യമന്ത്രിയെയും കണ്ട് ചര്‍ച്ച നടത്തിയ ശേഷം സുപ്രീംകോടതിക്ക് നല്‍കിയ റിപ്പോര്‍ട്ട് പത്രങ്ങളില്‍ വന്നിരിക്കുകയാണ്.

അതിലെ നിര്‍ദ്ദേശങ്ങള്‍ ശരിയാണെങ്കില്‍ അമിക്കസ്‌ക്യൂറിയുടെ നീതിബോധത്തെ സംശയിക്കേണ്ടിയിരിക്കുന്നു. രാജഭരണം പോയിട്ടും രാജാവിനേക്കാള്‍ രാജഭക്തി കാട്ടുന്ന ദാസ്യബോധമാണ് പ്രസ്തുത റിപ്പോര്‍ട്ടിലെ ചില നിര്‍ദ്ദേശങ്ങളിലടങ്ങിയിട്ടുള്ളത്.

പഴയ രാജകുടുംബത്തിലെ ഇപ്പോഴത്തെ കാരണവരായ ഉത്രാടം തിരുനാളിന്റെ ഒരു അനന്തരവനെ ക്ഷേത്രത്തിന്റെ കൈകാര്യ കര്‍ത്താവാക്കണമെന്നും രാജസ്തുതിപാഠകനായി അറിയപ്പെടുന്ന മുന്‍ കോളേജധ്യാപകന്‍ എം.ജി. ശശിഭൂഷനെ ക്ഷേത്രത്തിന്റെ പ്രധാന ചുമതലക്കാരിലൊരാളക്കണമെന്നും ശശിഭൂഷന്റെ മകനെ ജോയിന്റ് എക്‌സിക്യൂട്ടീവ് ഓഫീസറാക്കണമെന്നുമെല്ലാമുളള നിര്‍ദ്ദേശങ്ങള്‍ എങ്ങനെ പൊട്ടിമുളച്ചു?

പൂജാവിധികളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചതിന്റെ ആധികാരികത എന്താണ്? ക്ഷേത്രവുമായി ബന്ധപ്പെട്ട് നിരവധി കമ്മിറ്റികള്‍ രൂപീകരിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നതോടൊപ്പം അതില്‍ ആരെയൊക്കെ അംഗമാക്കണമെന്ന് അമിക്കസ്‌ക്യൂറി തന്നെ നിര്‍ദ്ദേശിക്കുന്നതിന്റെ ആധികാരികതയും ഔചിത്യവുമെന്താണ്?

അമിക്കസ്‌ക്യൂറി മുന്‍ രാജകുടുംബത്തിലെ കാരണവരെ കണ്ടപ്പോള്‍ കിട്ടിയ നിര്‍ദ്ദേശങ്ങള്‍ ശിരസാവഹിച്ച് റിപ്പോര്‍ട്ടെന്ന നിലയില്‍ സുപ്രീംകോടതിയില്‍ നല്‍കിയതാണെന്ന് കരുതേണ്ടിവരുന്നു. തികച്ചും യുക്തിരഹിതമായ നിര്‍ദ്ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് സുപ്രീംകോടതി തള്ളിക്കളയുകയും വസ്തുതകള്‍ മനസ്സിലാക്കുന്നതിന് പകരം സംവിധാനമുണ്ടാകുകയും ചെയ്യുന്നതാവും ഉചിതം.

സബ്‌കോടതിയുടെയും ഹൈക്കോടതിയുടെയും വ്യക്തമായ വിധിന്യായങ്ങളെ നിഷേധിക്കാന്‍ അമിക്കസ്‌ക്യൂറിയുടെ ‘രാജപക്ഷ’റിപ്പോര്‍ട്ട് ഉപയോഗിക്കപ്പെട്ടുകൂടാ. ക്ഷേത്രഭരണത്തില്‍ അരാജകത്വം നിലനില്‍ക്കുകയാണെന്നും ക്രമക്കേടുകള്‍ ഉണ്ടെന്നും വിശദമായി ചൂണ്ടിക്കാട്ടുന്ന ക്യൂറി തന്നെ ക്ഷേത്രഭരണം മുന്‍രാജകുടുംബത്തില്‍ നിക്ഷിപ്തമാക്കണമെന്ന് ശുപാര്‍ശ ചെയ്യുന്നത് വിരോധാഭാസമാണ്.

ക്ഷേത്രഭരണവും ക്ഷേത്രസ്വത്ത് പരിപാലനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ രാഷ്ട്രീയക്കാരെ അസ്പൃശ്യരാക്കണമെന്നും രാഷ്ട്രീയക്കാര്‍ക്ക് ഈ കാര്യത്തിലുള്ള താല്‍പര്യം സ്വത്തിലുളള കണ്ണാണെന്നുമുള്ള അമിക്കസ്‌ക്യൂറിയുടെ അനുമാനം ജനാധിപത്യസംവിധാനത്തെ പരിഹസിക്കുന്നതിന് തുല്യവും ഭരണഘടനാവിരുദ്ധവുമാണ് വി.എസ്. പ്രസ്താവനയില്‍ പറഞ്ഞു.

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്ത് സംബന്ധിച്ച് അമിക്കസ് ക്യൂറി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ആരോപിച്ചിരുന്നു.

 

ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തിലെ നിധിശേഖരവും ജനാധിപത്യകേരളവും എന്ന വിഷയത്തില്‍ നടന്ന ഏകദിനസെമിനാര്‍ ഉദ്ഘാടനം ചെയ്ത് പതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം.

രാജഭക്തന്മാര്‍ക്ക് നല്ല നമസ്‌കാരം: വി.എസിന്റെ പ്രസംഗത്തിന്റെ പൂര്‍ണരൂപം

 

Advertisement