Categories

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സി നിലവറ തുറന്നു

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സി നിലവറ കണക്കെടുപ്പിനായി തുറന്നു. തിരുവനന്തപുരം സബ് കോടതി പതിച്ച സീല്‍ അഭിഭാഷക കമ്മീഷണര്‍മാരെത്തി നീക്കം ചെയ്താണ് നിലവറ തുറന്നത്.

ക്ഷേത്രത്തിലെ ദൈനംദിന ആവശ്യങ്ങള്‍ക്കും പ്രത്യേക ചടങ്ങുകള്‍ക്കും ഉപയോഗിക്കുന്ന വസ്തുക്കളാണ് സി നിലവറയില്‍ ഉള്ളത്. അതേസമയം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യനിധികള്‍ സൂക്ഷിക്കുന്നതിനായി അതീവസുരക്ഷയോടു കൂടിയ പുതിയ നിലവറ നിര്‍മിക്കാന്‍ തീരുമാനമായി. മൂന്നാഴ്ചയ്ക്കകം അതിനുള്ള പദ്ധതി തയാറാക്കി സുപ്രീംകോടതിയെ അറിയിക്കും.

റിസര്‍വ് ബാങ്കിലെ വിദഗ്ധര്‍ ഉള്‍പ്പെട്ട സംഘമാണ്‌പദ്ധതി തയാറാക്കുന്നത്. പദ്ധതി ചെലവ് സംബന്ധിച്ച വിവരങ്ങളും സംഘം മൂല്യനിര്‍ണയ സമിതിക്കു സമര്‍പ്പിക്കും. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവേ ഇതിന്റെ ചെലവുകള്‍ കണക്കാക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കുകയായിരുന്നു.

ജസ്റ്റിസ് എംഎന്‍ കൃഷ്ണന്‍, എം വേലായുധന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ കെല്‍ട്രോണ്‍, വി.എസ്.എസ്.സി, പുരാവസ്തുവകുപ്പ് എന്നീ മേഖലകളിലുള്ള എട്ടംഗസംഘമാണ് മൂല്യനിര്‍ണയം നടത്തുന്നത്. സുരക്ഷയുടെ ഭാഗമായി ഇവരെ കര്‍ശന പരിശോധനകള്‍ക്ക് വിധേയരാക്കിയാണ് ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചത്‌.

കല്ലറകളിലും പുറത്തും കണക്കെടുപ്പ് നടത്തുന്ന സ്ഥലത്തും നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. റിസര്‍വ് ബാങ്ക് ഉദ്യോസ്ഥരുടെ സാന്നിധ്യവുമുണ്ടാകും. കണക്കുകള്‍ തെറ്റാതിരിക്കാന്‍ നൂറ് സാധനങ്ങള്‍ വീതം ബാച്ചായാണ് പരിശോധനക്കായി പുറത്തെടുക്കുന്നത്.

വിശേഷാല്‍ പൂജകള്‍ക്കുള്ള സാധനങ്ങളാണ് സി നിലവറയില്‍ സൂക്ഷിച്ചിരിക്കുന്നത്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതിയുടെ ഉത്തരവ് പ്രകാരം സി നിലവറ പൂട്ടി മുദ്രവെച്ചിരിക്കുകയായിരുന്നു.ഇതിനെതിരെ വിദഗ്ധസംഘം നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് സി,ഡി നിലവറകള്‍ തുറക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയത്. ഇ, എഫ് നിലവറകളിലെ കണക്കെടുപ്പ് കഴിഞ്ഞദിവസം നടന്നിരുന്നു.

2007 മുതല്‍ തിരുവനന്തപുരം സബ്‌കോടതിയുടെ നിയന്ത്രണത്തിലാണ് നിലവറ. ക്ഷേത്രത്തിലെ ആവശ്യങ്ങള്‍ക്കായി നിലവറ തുറക്കേണ്ടി വരുമ്പോള്‍ കോടതിയുടെ അനുമതിയോടെയാണ് അത് ചെയ്യാറുണ്ടായിരുന്നത്. സബ് കോടതി നിശ്ചയിച്ച അഡ്വക്കേറ്റ് കമ്മിഷണര്‍മാരുടെ സാന്നിദ്ധ്യത്തിലാണ് കോടതിയുടെ സീല്‍ പൊളിക്കുന്നതും വീണ്ടും സീല്‍ ചെയ്തുകൊണ്ടിരുന്നതും.

കഴിഞ്ഞ വര്‍ഷം സുപ്രീംകോടതിയുടെ നിര്‍ദ്ദേശ പ്രകാരം നിലവറ തുറന്നപ്പോഴും ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍ സബ്‌കോടതിയില്‍ അപേക്ഷ നല്‍കുകയും നിലവറ തുറന്നു നല്‍കാന്‍ അഡ്വക്കേറ്റ് കമ്മിഷണര്‍മാര്‍ക്ക് സബ്‌കോടതി ഉത്തരവ് നല്‍കുകയുമാണ് ചെയ്തത്. അറകളില്‍ കണ്ടെത്തിയ പുരാതനസമ്പത്ത് തരംതിരിച്ച് വിവരങ്ങള്‍ കംപ്യൂട്ടറില്‍ രേഖപ്പെടുത്തുന്നുണ്ട്.

Malayalam news

Kerala news in English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.