സ്വദേശി ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്ത് കുറഞ്ഞ കാലത്തിനുള്ളില്‍ കോടികള്‍ ലാഭം കൊയ്ത കമ്പനിയാണ് യോഗാചാര്യന്‍ ബാബ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ. ഭക്ഷ്യോല്‍പ്പന്നങ്ങള്‍ മുതല്‍ സൗന്ദര്യവര്‍ധക വസ്തുക്കളും വരെ നിര്‍മ്മിക്കുന്ന പതഞ്ജലി വസ്ത്ര നിര്‍മ്മാണ രംഗത്തേക്കും കടന്നിട്ടുണ്ട്.

Subscribe Us:

ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത പതഞ്ജലി ടെലകോം രംഗത്തേക്കും കടക്കുന്നു എന്നാണ്. പതഞ്ജലിയുടെ സിമ്മുകള്‍ എന്ന പേരില്‍ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. റിലയന്‍സ് ജിയോയ്ക്ക് ഭീഷണിയായി പതഞ്ജലി വരുന്നു എന്ന രീതിയിലാണ് പ്രചരിക്കുന്ന വാര്‍ത്തകള്‍.

ഇതുകൂടാതെ, നിലവിലെ സാങ്കേതിക വിദ്യയായ 4ജിയെ കടത്തിവെട്ടി പതഞ്ജലി 5ജിയാണ് പുറത്തിറക്കുന്നതെന്നും ജിയോയേക്കാള്‍ കുറഞ്ഞ നിരക്കിലായിരിക്കും ഡാറ്റ നല്‍കുക എന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുമ്പോള്‍ ഇതെല്ലാം യാഥാര്‍ത്ഥ്യമാണോ അതോ വ്യാജവാര്‍ത്തയാണോ എന്നാലോചിച്ച് കുഴങ്ങിയിരിക്കുന്നത് നിരവധി പേരാണ്.

എന്താണ് ഈ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കും പിന്നിലെ യാഥാര്‍ത്ഥ്യം? പതഞ്ജലി ടെലകോം രംഗത്തേക്ക് പ്രവേശിക്കുന്നുണ്ടോ? ഭാവിയില്‍ ഉണ്ടായേക്കാമെങ്കിലും നിലവില്‍ പതഞ്ജലി ടെലകോം രംഗത്തേക്ക് ഇറങ്ങുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഔദ്യോഗികമായി ഒരിടത്തും പതഞ്ജലി ടെലകോം രംഗത്തെ കുറിച്ച് പറഞ്ഞിട്ടില്ല.

ഏതോ ചില വിരുതര്‍ പടച്ചു വിട്ട വ്യാജ വാര്‍ത്തകളും ചിത്രങ്ങളുമാണ് അനവധി പേരെ ആശയക്കുഴപ്പത്തിലാക്കിയത്. എന്നാല്‍ ഇതറിയാതെ പതഞ്ജലി 5ജി സിമ്മുകളുടെ വാര്‍ത്ത വന്‍ തോതില്‍ പ്രചരിക്കുന്നത്. വിവിധ ട്രോള്‍ ഗ്രൂപ്പുകളിലടക്കം വാര്‍ത്ത സത്യമാണെന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ ഉണ്ടായി.

സെക്കന്റില്‍ ഒരു ജി.ബി എന്ന വേഗത വാഗ്ദാനം ചെയ്യുന്ന 5ജി സാങ്കേതിക വിദ്യ ലോകത്ത് ഒരിടത്തും ഇതുവരെ നിലവില്‍ വന്നിട്ടില്ല. വിവിധ രാജ്യങ്ങള്‍ 5ജി അവതരിപ്പിക്കാനുള്ള മുന്നൊരുക്കത്തിലാണ്. ഇന്ത്യയില്‍ റിലയന്‍സ് ജിയോ സാംസംഗുമായി കൈകോര്‍ത്ത് 5ജി സാങ്കേതിക വിദ്യ കൊണ്ടുവരുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു.