എഡിറ്റര്‍
എഡിറ്റര്‍
പത്തനംതിട്ട മുന്‍ എം.എല്‍.എ കെ.കെ. നായര്‍ അന്തരിച്ചു
എഡിറ്റര്‍
Thursday 7th February 2013 12:28am

പത്തനംതിട്ട: പത്തനംതിട്ട ജില്ല മുന്‍ എം.എല്‍.എ കെ.കെ. നായര്‍ (82) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പത്തനംതിട്ട വെട്ടിപ്രത്തെ വസതിയില്‍ പുലര്‍ച്ചെ 2.30 നായിരുന്നു അന്ത്യം. ശവസംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് നടക്കും.

Ads By Google

കഴിഞ്ഞ കുറെ നാളുകളായി വാര്‍ധക്യസഹജമായ ശാരീരിക അസ്വസ്തതകള്‍ വേട്ടയാടിയിരുന്നെങ്കിലും പൊതുപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. കഴിഞ്ഞയിടെയാണ് തന്റെ രാഷ്ട്രീയ, സാമ്പത്തിക നിരീക്ഷണങ്ങളും അവലോകനവും അവതരിപ്പിക്കുന്ന പുസ്‌കതകം പ്രസിദ്ധീകരിച്ചത്.

34 വര്‍ഷം നിയമസഭയില്‍ പത്തനംതിട്ട മണ്ഡലത്തെ കെ.കെ നായര്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. സി.പി.എം സ്ഥാനാര്‍ത്ഥിയായാണ് ആദ്യകാലങ്ങളില്‍ മത്സരിച്ചത്. 1965 ല്‍ കേരള കോണ്‍ഗ്രസ്സിലെ വയല ഇടിക്കുളയോട് പരാജയപ്പെട്ട അദ്ദേഹം 67 ല്‍ ഇടിക്കുളയെ 10,143 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. 1977 ല്‍ കേരള കോണ്‍ഗ്രസ്സിലെ ജോര്‍ജ്ജ് മാത്യുവിനോട് പരാജയപ്പെട്ടു. 80 ല്‍ സ്വതന്ത്രനായി മത്സരിച്ച അദ്ദേഹം എല്‍.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തി നിയമസഭയിലെത്തി.

1982 ല്‍ പത്തനംതിട്ട ജില്ല രൂപവത്കരിച്ചതിനുശേഷം യു.ഡി.എഫ് പ്രതിനിധിയായാണ് തുടര്‍ച്ചയായി നിയമസഭയിലെത്തിയത്. 2006 ല്‍ ഡി.സി.സി പ്രസിഡന്റ് കെ ശിവദാസന്‍ നായരെ പത്തനംതിട്ടയില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതിനെ തുടര്‍ന്ന് കെ.കെ നായര്‍ സ്വതന്ത്രനായി മത്സരിച്ച് പരാജയപ്പെട്ടു.

1931 ഫെബ്രുവരി രണ്ടിന് കൃഷ്ണപിള്ളയുടെയും ലക്ഷ്മിയമ്മയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്. അവിവാഹിതനാണ്. 1959ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. ട്രേഡ് യൂണിയനുകളിലായിരുന്നു ആദ്യകാല പ്രവര്‍ത്തനം. മലനാട് ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് എന്ന സംഘടനയ്ക്ക് അവസാനംവരെ നേതൃത്വം നല്‍കി.

Advertisement