പത്തനംതിട്ട: പീഡനത്തിനിരയായ കുട്ടിയെ പരിശോധിക്കുന്നതില്‍ പത്തനംതിട്ട ജില്ലാ ആശുപത്രി ഗുരുതര വീഴ്ച്ച വരുത്തിയെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്. കുട്ടിയെ പരിശോധിക്കുന്നതില്‍ ഡോക്ടര്‍മാര്‍ക്ക് വീഴ്ച്ചയുണ്ടായെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് കളക്ടര്‍ ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് അയച്ചു.


Also Read:  നടപടിയെടുക്കുമെന്ന ഭയമില്ല; നടപടിയെടുത്താല്‍ അതായിരിക്കും തന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസം; ബി.ജെ.പിയെ വെല്ലുവിളിച്ച് യശ്വന്ത് സിന്‍ഹ


കഴിഞ്ഞ മാസം 15 നു കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് പീഡനത്തിനിരയായ അഞ്ചു വയസ്സുകാരിയെ പരിശോധിക്കാന്‍ വിസമ്മതിച്ചത്. പൊലീസ് സംരക്ഷണയില്‍ ആശുപത്രിയിലെത്തിച്ച ബാലികയെ ആറുമണിക്കൂറോളം ചികിത്സ നല്‍കാതെ കാത്തിരിപ്പിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഗൈനക്കോളജി വിഭാഗത്തിലുള്ള ഡോക്ടര്‍ ഗംഗയും ഡ്യൂട്ടിക്കെത്തിയ ഡോക്ടര്‍ ലേഖയുമായിരുന്നു കുട്ടിയെ പരിശോധിക്കാന്‍ തയ്യാറാകാതിരുന്നത്. ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കളക്ടറുടെ റിപ്പോര്‍ട്ട് പറയുന്നു.

മൂന്ന് മണി മുതല്‍ രാത്രി 8മണിവരെ കുട്ടിയെ ആശുപത്രിയിലിരുത്തുകയായിരുന്നു. ഇതോടെ കുട്ടി മാനസ്സിക സമ്മര്‍ദ്ദത്തിലായി. സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്ക് വീഴ്ച്ച സംഭവിച്ചതായി പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.


Dont Miss: യോഗിയെ കേരളത്തിലെത്തിക്കുന്നതിലും നല്ലത് ശ്രീനാരായണ ഗുരുവിന്റെ ആശയം യു.പിയില്‍ നടപ്പാക്കുന്നതായിരുന്നു; അമിത് ഷായ്ക്കും ബി.ജെ.പിയ്ക്കും രാമചന്ദ്ര ഗുഹയുടെ ഉപദേശം


പിന്നീട് അന്വേഷണം നടത്തിയ ജില്ലാ കളക്ടര്‍ ആര്‍ ഗിരിജ ഡോക്ടര്‍മാരുടെ വീഴ്ച്ച സംബന്ധിച്ച റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് അയച്ചു. അതേ സമയം കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കാന്‍ പത്തനംതിട്ട ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടെങ്കിലും നടപടിയുണ്ടായിട്ടില്ല.