ന്യൂദല്‍ഹി: സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് പാര്‍ലമെന്റില്‍ ഇംപീച്ച്‌മെന്റ് നടപടികള്‍ നേരിടുന്ന കോല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സൗമിത്ര സെന്നിന്റെ സൗമിത്ര സെന്നിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു. സെന്‍ പുതുതായി നല്‍കിയ രാജിക്കത്താണ് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ സ്വീകരിച്ചത്. രാജിക്കത്ത് രാഷ്ട്രപതി നിയമന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.

സെന്‍ നേരത്തെ നല്‍കിയ രാജി കത്ത് നടപടിക്രമങ്ങള്‍ പാലിച്ചുള്ളതല്ല എന്ന കാരണം ചൂണ്ടിക്കാട്ടി രാഷ്ട്രപതി തള്ളിയിരുന്നു. തുടര്‍ന്ന് അഭിഭാഷകന്‍ മുഖേന എഴുതി തയ്യാറാക്കിയ രാജി സമര്‍പ്പിക്കുകയായിരുന്നു. നേരത്തെ സെന്‍ രാജിക്കത്ത് ഫാക്‌സായി രാഷ്ട്രപതിക്ക് അയക്കുകയായിരുന്നു.

ഇതോടെ സെന്നിനെതിരായ ഇംപീച്ചമെന്റ് നടപടികള്‍ തുടരുന്ന കാര്യത്തില്‍ സംശയം ഉടലെടുത്തിട്ടുണ്ട്. സെന്നിനെതിരെ രാജ്യസഭ ഇംപീച്ച്‌മെന്റ പ്രമേയം പാസ്സാക്കിയിരുന്നു. പ്രമേയം തിങ്കളാഴ്ച ലോക്‌സഭ പരിഗണിക്കാനിരിക്കുവെയാണ് സെന്നിന്റെ രാജി. ലോക്‌സഭ കൂടി അംഗീകരിച്ചാലെ ഇംപീച്ച്‌മെന്റ് നടപടികള്‍ പൂര്‍ത്തിയാവുകയുള്ളൂ.

സെന്നിനെതിരായ നടപടികല്‍ തുടരുന്ന കാര്യത്തില്‍ ലോക്‌സഭാ സ്പീക്കറും കേന്ദ്രസര്‍ക്കാറും അറ്റോര്‍ണറി ജനറലിന്റെ ഉപദേശം തേടിയിരുന്നു. നടപടികള്‍ തുടരാം എന്നായിരുന്നു എ.ഡിയുടെ മറുപടി. ഇക്കാര്യത്തില്‍ ലോക്‌സഭാ സ്പീക്കറുടെ തീരുമാനമനുസരിച്ചായിരിക്കും ഇനി അടുത്ത നടപടികള്‍.