എഡിറ്റര്‍
എഡിറ്റര്‍
അന്താരാഷ്ട്ര നാടകോത്സവത്തിന് പാസ് ഏര്‍പ്പെടുത്തിയ നടപടിയ്‌ക്കെതിരെ പ്രതിഷേധം
എഡിറ്റര്‍
Wednesday 2nd January 2013 2:25pm

തൃശൂര്‍: കേരള സംഗീത നാടക അക്കാദമി വര്‍ഷം തോറും നടത്തുന്ന അന്താരാഷ്ട്ര നാടകോത്സവം കാണുന്നതിന് പണം ഈടാക്കി പാസ് ഏര്‍പ്പെടുത്തണമെന്ന അക്കാദമി ഭരണസമിതി തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം.

Ads By Google

കഴിഞ്ഞ വര്‍ഷവും ഇത്തരത്തിലുള്ള നീക്കം അധികൃതര്‍ നടത്തിയപ്പോള്‍ തൃശൂരിലെ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ അതിനെ ചെറുത്തു തോല്‍പ്പിച്ചിരുന്നു.

മലയാളത്തിന്റെ പ്രിയ നടന്‍ ഭരത് മുരളി അക്കാദമി സാരഥിയായിയിരിക്കുമ്പോള്‍ നമുക്ക് സമ്മാനിച്ചതാണ് അന്താരാഷ്ട്ര നാടകോത്സവം. കേരളത്തില്‍ ഒരു ജനകീയ നാടക ആസ്വാദന സമൂഹത്തെ വളര്‍ത്തിയെടുക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

തന്റെ മരണം വരെ അദ്ദേഹം അതിനായി പ്രവര്‍ത്തിച്ചു. എന്നാല്‍ കലയും സാഹിത്യവും കച്ചവടവത്ക്കരിച്ച് വികസനം കൊണ്ടുവരുന്നത് ഭൂഷണമായി കരുതുന്ന അക്കാദമിയുടെ പുതിയ ഭരണനേതൃത്വം ജനകീയ നാടകോത്സവത്തെ ജന പങ്കാളിത്തം ഇല്ലാത്ത കോര്‍പ്പറേറ്റ് കുത്തകകളാക്കി മാറ്റുന്നതിനാണ് ശ്രമിക്കുന്നതെന്ന് നാടക സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ പറഞ്ഞു

അമച്വര്‍ നാടക മത്സരത്തില്‍ സമ്മാനാര്‍ഹമായ നാടകമില്ലെന്ന് പ്രഖ്യാപിച്ച് സംഗീത നാടക അക്കാദമി മലയാള നാടകലോകത്തെ അപമാനിച്ചിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു.

63 നാടകരചനകള്‍ പരിശോധിച്ച് വിലയിരുത്തി തിരഞ്ഞെടുത്ത 15 നാടകങ്ങള്‍ മത്സരയോഗ്യമെന്ന് വിധിയെഴുതി ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് മത്സരം നടത്തിയതിന് ശേഷം സമ്മാനാര്‍ഹമായ നാടകം ഇല്ലെന്ന പ്രഖ്യാപനം പൊതു സമൂഹത്തോടുള്ള വെല്ലുവിളിയാണ്.

സമ്മാനാര്‍ഹതയുടെ മാനദണ്ഡമെന്താണെന്ന് ഇവര്‍ നേരത്തെ പ്രഖ്യാപിക്കണമായിരുന്നു. അതുണ്ടായില്ല. ജഡ്ജിങ് കമ്മറ്റി അംഗങ്ങളുടെ സവര്‍ണ മനോഭാവാണ് അമച്വര്‍ നാടക കലാകാരന്‍മാരെ അപമാനിച്ചതിന്റെ കാരണം. ഇതിന് പാഴായ പണം അക്കാദമി ഭാരവാഹികളില്‍ നിന്നും ഈടാക്കണം.

അന്താരാഷ്ട്ര നാടകോത്സവത്തിന് പണം ഈടാക്കി പാസ് നല്‍കുന്ന ശ്രമത്തില്‍ നിന്നും അധികൃതര്‍ പിന്തിരിയണമെന്നും സര്‍ക്കാര്‍ ഇതില്‍ ഇടപെടണമെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. സാധാരണക്കാര്‍ക്ക് അന്താരാഷ്ട്ര നാടകങ്ങള്‍ കാണാനുള്ള അവസരം സൃഷ്ടിക്കണമെന്നും ഇവര്‍ അഭ്യര്‍ത്ഥിച്ചു.

Advertisement