എഡിറ്റര്‍
എഡിറ്റര്‍
നാല് വര്‍ഷങ്ങള്‍ക്ക് ശേഷം പര്‍വേസ് മുഷറഫ് പാക്കിസ്ഥാനില്‍
എഡിറ്റര്‍
Sunday 24th March 2013 1:39pm

കറാച്ചി: നാല് വര്‍ഷങ്ങള്‍ക്ക് ശേഷം പാക് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് പാക്കിസ്ഥാനില്‍. പാക്കിസ്ഥാനില്‍ തിരിച്ചെത്തിയാല്‍ വധിക്കുമെന്ന താലിബാന്‍ ഭീഷണി വകവെയ്ക്കാതെയാണ് മുഷറഫ് കറാച്ചിയില്‍ എത്തിയിരിക്കുന്നത്.

Ads By Google

40 വര്‍ഷം പട്ടാളസേവനം അനുഷ്ഠിച്ച താന്‍ ഇത്തരം ഭീഷണിയിലൊന്നും ഭയപ്പെടില്ലെന്നും നേരത്തേ പറഞ്ഞത് പോലെ താന്‍ മടങ്ങി വരികയാണെന്നുമായിരുന്നു താലിബാന്‍ ഭീഷണിയോടുള്ള മുഷറഫിന്റെ പ്രതികരണം.

മുഷാറഫിനെ ചാവേറുകളെ ഉപയോഗിച്ച് വധിക്കുമെന്നാണ് താലിബാന്‍ സേന നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഇതിനായി പ്രത്യേക സംഘത്തിന് രൂപം നല്‍കിയതായും താലിബാന്‍ അറിയിച്ചിരുന്നു.
വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടിയായ ഓള്‍ പാക്കിസ്ഥാന്‍ മുസ്‌ലീം ലീഗ് പാര്‍ട്ടിക്ക് നേതൃത്വം നല്‍കുന്നതിനാണ് മുഷറഫ് പാക്കിസ്ഥാനില്‍ തിരിച്ചെത്തിയിരിക്കുന്നത്.

അധികാരമാറ്റത്തെ തുടര്‍ന്ന് 2009 ല്‍ രാജ്യം വിട്ട മുഷറഫ് ലണ്ടനിലും ദുബായിലും പ്രവാസ ജീവിതം നയിച്ചുവരികയായിരുന്നു. ബേനസീര്‍ വധക്കേസ് ഉള്‍പ്പെടെ മുഷാറഫിനെതിരേ നിലനിന്ന കേസില്‍ കറാച്ചി കോടതി കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു.
1999ല്‍ നാവസ് ഷെരീഫിനെ അട്ടിമറിച്ചാണ് കരസേനാ മേധാവിയായിരുന്ന മുഷാറഫ് പാക് പ്രസിഡന്റാകുന്നത്.

ആയിരത്തോളം പാര്‍ട്ടി പ്രവര്‍ത്തകരാണ് മുഷറഫിനെ സ്വീകരിക്കാന്‍ കറാച്ചി വിമാനത്താവളത്തിലെത്തിച്ചേര്‍ന്നിരുന്നത്.

അതേസമയം, ജസ്റ്റിസ് മിര്‍ഹസന്‍ ഖാന്‍ ഖോസോയെ പാക്കിസ്ഥാന്‍ ഇടക്കാല പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടക്കാല പ്രധാനമന്ത്രിയെ തിരഞ്ഞെടുത്തത്. മെയ് 11നാണ് പാക്കിസ്ഥാനില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

Advertisement