ന്യൂയോര്‍ക്ക്: പാക്കിസ്ഥാന് മുഖ്യഭീഷണി ഇന്ത്യയാണെന്ന് മുന്‍ പാക് പ്രസിഡന്റ് പര്‍വെസ് മുഷറഫ് വ്യക്തമാക്കി. ഇന്ത്യയുടെ ആണവ പദ്ധതികളെയും മുഷ്‌റഫ് കുറ്റപ്പെടുത്തി.തീവ്രവാദമാണോ ഇന്ത്യയാണോ പാക്കിസ്ഥാന്റെ നിലനില്‍പ്പിന് ഭീഷണിയെന്നതിനോട് പ്രതികരിക്കുകയായിരുന്നു മുഷറഫ്.

ഇന്ത്യയിലെ 90 ശതമാനം സൈനികവിഭാഗങ്ങളും പാക്കിസ്ഥാനെതിരെയാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ഭീഷണി അവഗണിക്കാനാവില്ല. അണ്വായുധങ്ങള്‍ കൈവശമുള്ളതില്‍ തങ്ങള്‍ അഭിമാനിക്കുന്നു. അണ്വായുധങ്ങള്‍ രാജ്യത്തിന്റെ അഭിമാനമാണ്. അതേസമയം, പാക്കിസ്ഥാനില്‍ ആപത്ക്കരമായ രീതിയില്‍ തീവ്രവാദം വര്‍ദ്ധിച്ചുവരികയാണെന്നും അഫ്ഗാനിസ്ഥാനാണ് ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതെന്നും മുഷ്‌റഫ് പറഞ്ഞു.

മതതീവ്രവാദത്തെ ചെറുക്കാനുള്ള പോംവഴി ഒന്നുകില്‍ തീവ്രവാദത്തെ തുരത്തുക അല്ലെങ്കില്‍ അവര്‍ക്ക് കീഴടങ്ങുക എന്നതാണ്. മാറി വരുന്ന സര്‍ക്കാരുകള്‍ ഇത്തരം വിഘടനവാദികളെ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് മുഷ്‌റഫ് കുറ്റപ്പെടുത്തി.

ഉപരോധത്തെ തുടര്‍ന്ന് ലണ്ടനിലും ദുബായിലുമായി കഴിയുകയാണ് മുഷ്‌റഫ് . ലിബിയയില്‍ യുദ്ധമാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്നും ഇതിന് ഉടന്‍ രാഷ്ട്രീയ പരിഹാരം കണ്ടെത്തണമെന്നും മുഷ്‌റഫ് പറഞ്ഞു.