2008ലെ ഫെമിന് മിസ് ഇന്ത്യ വിജയിയും മലയാളിയുമായ പാര്‍വ്വതി ഓമനക്കുട്ടന്‍ അജിത്തിന്റെ നായികയാവുന്നു. അജിത്തിന്റെ പുതിയ ബിഗ് ബജറ്റ് ചിത്രമായ ബില്ല 2ലൂടെയാണ് പാര്‍വ്വതിയുടെ കോളിവുഡ് അരങ്ങേറ്റം.

ഹുമ ഖുറേഷിയെയാണ് ബില്ല 2വിലേക്ക് നായികയായി തീരുമാനിച്ചിരുന്നത. എന്നാല്‍ ബില്ലയുടെ ഗോവന്‍ ഷെഡ്യൂള്‍ അനിശ്ചിതമായി വൈകിയതോടെ ഹുമ പ്രൊജക്ടില്‍ നിന്ന് പിന്‍മാറിയതാണ് പാര്‍വതിയ്ക്ക് അനുഗ്രഹമായത്.

ലോകസൗന്ദര്യറാണിപ്പട്ടം തലനാരിഴയ്ക്ക് നഷ്ടപ്പെട്ട പാര്‍വ്വതിക്ക് കോളിവുഡില്‍ മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. മുംബൈയില്‍ താമസിയ്ക്കുന്ന പാര്‍വതി നേരത്തെ യുണൈറ്റഡ് 6 ലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറിയത്.

പാര്‍വതി നായികയാവുന്ന കാര്യം ബില്ലയുടെ നിര്‍മാതാക്കളും സ്ഥിരീകരിച്ചിട്ടുണ്ട്. ആക്ഷന്‍ ചിത്രത്തിന് അനുയോജ്യമായ താരം തന്നെയാണ് പാര്‍വതിയെന്ന് നിര്‍മാതാക്കള്‍ പറയുന്നു. അടുത്തയാഴ്ച ബില്ല 2ന്റെ ഗോവന്‍ ലൊക്കേഷനില്‍ പാര്‍വതിയുണ്ടാവും.

പാര്‍വതിയെക്കൂടാതെ ബ്രൂണ അബ്ദുല്ലയെന്ന നടികൂടി ബില്ല 2വില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഐ ഹേറ്റ് ലവ് സ്റ്റോറി എന്ന ബോളിവുഡ് ചിത്രത്തില്‍ ഇമ്രാന്‍ഖാന്റെ നായികയായി അരങ്ങേറിയ ബ്രൂണയുടെ ആദ്യ തമിഴ് ചിത്രമാണിത്.

വന്‍വിജയം കൊയ്ത ബില്ലയുടെ ആദ്യഭാഗത്തില്‍ നയന്‍താരയായിരുന്നു നായിക. ആ ചിത്രത്തിലൂടെ തെന്നിന്ത്യന്‍ ആരാധകരുടെ കണ്ണിലുണ്ണിയാവാന്‍ നയന്‍സിന് കഴിഞ്ഞു. ബില്ല 2വിലൂടെ പാര്‍വ്വതിക്കും കോളിവുഡ് കീഴടക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.