പനാജി: ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച നടിക്കുള്ള തന്റെ പുരസ്‌കാരനേട്ടം രാജേഷ് പിള്ളയ്ക്കും കേരളത്തിലെ നേഴ്‌സുമാര്‍ക്കും സമര്‍പ്പിച്ച് പാര്‍വ്വതി. പുരസ്‌കാരം സ്വീകരിച്ചതിന് ശേഷം വികാരഭരിതയായിട്ടായിരുന്നു പാര്‍വ്വതി സദസിനോട് സംസാരിച്ചത്.

സമീറയെ തനിക്ക് സമ്മാനിച്ച സംവിധായകന്‍ മഹേഷ് നാരായണനും പാര്‍വ്വതി നന്ദി പറഞ്ഞു. ഗോവന്‍ ചലച്ചിത്രമേളയുടെ ചരിത്രത്തിലാദ്യമായിട്ടാണ് ഒരു മലയാളിയ്ക്ക് അഭിനയത്തിനുള്ള പുരസ്‌കാരം ലഭിക്കുന്നത്. പ്രതീക്ഷ നശിച്ച ഇരുട്ടിലെ വെളിച്ചമായിരുന്നു സമീറയെന്നും ആ കഥാപാത്രം ചെയ്യാന്‍ കഴിഞ്ഞത് അഭിമാനമാണെന്നും പാര്‍വ്വതി പറഞ്ഞു.

അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ സ്വപ്‌നമായിരുന്നു ടേക്ക് ഓഫെന്നും രാജേഷിന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറകു നല്‍കിയ മഹേഷിന് നന്ദി പറയുന്നതായും പാര്‍വ്വതി പറഞ്ഞു.

ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയാണ് പാര്‍വ്വതി അഭിമാനമായി മാറിയത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫിലെ പ്രകടനത്തിനാണ് പാര്‍വ്വതിയെ തേടി പുരസ്‌കാരമെത്തിയത്.


Also Read: തൊടുപുഴ വാസന്തിയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സിദ്ദീഖിനൊപ്പം മമ്മൂട്ടിയെത്തി, വീഡിയോ


ഇന്ത്യന്‍ പനോരമയിലേക്കും മത്സര വിഭാഗത്തിലേക്കുമായിരുന്നു ടേക്ക് ഓഫ് തെരഞ്ഞെടുക്കപ്പെട്ടത്. മത്സര വിഭാഗത്തില്‍ രണ്ട് ഇന്ത്യന്‍ ചിത്രങ്ങളിലൊന്നായിരുന്നു ടേക്ക് ഓഫ്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ആന്റോ ജോസഫ്, ഷെബിന്‍ ബെക്കര്‍ എന്നിവരും മേളയിലെത്തിയിട്ടുണ്ട്.

2014 ലെ ആഭ്യന്തര യുദ്ധത്തിനിടെ ഇറാഖില്‍ കുടുങ്ങി പോയ 19 നേഴ്‌സുമാരെ തിരികെ നാട്ടിലെത്തിച്ച സംഭവത്തിന്റെ ചലച്ചിത്രാവിഷ്‌കാരമായിരുന്നു ടേക്ക് ഓഫ്. നിറഞ്ഞ സദസിലായിരുന്നു ടേക്ക് ഓഫ്  മേളയില്‍ പ്രദര്‍ശിപ്പിച്ചത്.

Video Credits: Reporter