സ്റ്റാഫ് റിപ്പോര്‍ട്ടര്‍

ക്ലാസ് മുറിയില്‍ ആ നാലുവരിക്കോപ്പി ബുക്ക് അനാഥമായിക്കിടന്നു. എന്നും രാവിലെയെത്തുന്ന ടീച്ചര്‍ കോപ്പി ബുക്ക് പരിശോധിച്ച് കൊണ്ടിരിക്കുമ്പോഴാണ് അവര്‍ ആ വാര്‍ത്ത അറിയുന്നത്. പുസ്തകത്തിലെ നേര്‍വരകള്‍ തെറ്റിച്ചെഴുതിയ അക്ഷരങ്ങളെ അങ്ങിനെ തന്നെ വെച്ച് അവര്‍ ഓടുകയായിരുന്നു. പുസ്തകം ഇപ്പോഴും ആ ക്ലാസ് മുറിയില്‍ അനാഥമായിക്കിടക്കുന്നുണ്ടാവും. അതിലെ അക്ഷരങ്ങള്‍ക്ക് ജീവന്‍ നല്‍കിയവള്‍ ചേതനയറ്റതറിയാതെ…

പേട്ട ലിറ്റിള്‍ ഹാര്‍ട്ട്‌സ് കിന്റര്‍ഗാര്‍ഡനിലെ മാളവികയുടെ കോപ്പി ബുക്കിലെ അക്ഷരങ്ങളോട് ടീച്ചര്‍ സംസാരിക്കുമ്പോള്‍ പായല്‍ നിറഞ്ഞ പാര്‍വ്വതി പുത്തനാറിലെ തണുത്തുറഞ്ഞ, വെള്ളത്തിനടിയില്‍ അവള്‍ അവസാനത്തെ ശ്വാസവുമെടുക്കുകയായിരുന്നു. അച്ചു, ഉജ്വല്‍, അര്‍ഷ ബൈജു, ജിനന്‍… മാളവികക്കൊപ്പം സുഹൃത്തുക്കളായ നാലു പേരുടെ ജീവനും പൊലിഞ്ഞു. കൂടെ അവരുടെ സംരക്ഷകയായിരുന്ന ആയ വട്ടിയൂര്‍ക്കാവ് ബിന്ദുവും.

പുസ്തകക്കൂട്ടുകള്‍ മാറോടണക്കിപ്പിടിച്ചായിരുന്നു അവര്‍ അന്നും വാനില്‍ കയറിയത്. വിശപ്പിനുള്ള പൊതിച്ചോറും കൂടെ പൊന്നുമ്മയും നല്‍കിയാണ് അമ്മമാര്‍ അവരെ അന്നും യാത്രയാക്കിയത്. പക്ഷെ പുത്തനാറിലെ ആ വളവില്‍ ഒന്നു ഉറക്കെ അമ്മയെ വിളിച്ച് കരയാന്‍ പോലുമാകാതെ അവര്‍ മറഞ്ഞു പോയി. ആ അമ്മമാര്‍ക്ക് ഇനി അവസാനമായി നല്‍കിയ ഉമ്മകള്‍ മാത്രം…

എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുമ്പോഴാണ് അപകടമുണ്ടായതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. സ്‌കൂള്‍ വാന്‍ സാമാന്യം വേഗത്തിലായിരുന്നു വന്നതെന്നും പറയുന്നുണ്ട്. അശ്രദ്ധയും വേഗതയും ഒന്നിച്ചപ്പോള്‍ വിധി മരണത്തിന്റെ വേഷമണിഞ്ഞു. വാനില്‍ എത്ര കുട്ടികളുണ്ടെന്ന് പോലും പറയാന്‍ കഴിയാത്ത നിലയില്‍ ആശങ്കയായിരുന്നു ആദ്യം എങ്ങും. പുത്തനാറിന്റെ എല്ലാ ചുഴികളിലും അവര്‍ പരതിയന്വേഷിച്ചു. അപ്പോഴേക്കും ആറു പേര്‍ മരിച്ചിരുന്നു. ചിലര്‍ വെള്ളത്തില്‍ വെച്ചു തന്നെ. ചിലര്‍ ആശുപത്രിയിലും.

സ്‌കൂള്‍ ബസ്സിന്റെ സീറ്റിലെ കമ്പികള്‍ അടുത്തിരുന്നതിനാല്‍ കുട്ടികള്‍ വെള്ളത്തില്‍ വീണ കുട്ടികള്‍ അതില്‍ കുരുങ്ങിപ്പോയതായി രക്ഷാപ്രവര്‍ത്തനം നടത്തിയവരില്‍പ്പെട്ട ഒരാള്‍ പറയുന്നു. സ്‌കൂള്‍ ബസ്സ് എത്രത്തോളം ശാസ്ത്രീയമായി സംവിധാനിച്ചതാണെന്ന വ്യക്തമായ പരിശോധനയൊന്നും ഇവിടെ നടക്കാറില്ലല്ലോ.. നിയമങ്ങള്‍ പച്ചയായി ലംഘിക്കപ്പെടുമ്പോള്‍ അതിന് വില കൊടുക്കേണ്ടത് നിരപരാധികളാണ്.

മരണം ആറായി ഉയര്‍ന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്‌ക്കൂള്‍ കുട്ടികളുമായി പോയ വാന്‍ പുഴയിലേക്ക് മറിഞ്ഞ് മരിച്ചവരുടെ എണ്ണം ആറായി. അപകടത്തില്‍പ്പെട്ട ഒരു കുട്ടി കൂടി മരിച്ചു. ഗുരുതരാവസ്ഥയില്‍ കിംസ് ആശുപത്രിയില്‍ കഴിഞ്ഞ മാളവികയാണ് മരിച്ചത്. നേരത്തെ നാല് കുട്ടികളും നഴ്‌സറി ആയയുമുള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചിരുന്നു.

അച്ചു, ഉജ്വല്‍, ആശ ബൈജു, ജിനന്‍, ആയ വട്ടിയൂര്‍ക്കാവ് സ്വദേശി ബിന്ദു എന്നിവര്‍ നേരത്തെ മരിച്ചിരുന്നു. ലോര്‍ഡ്‌സ് ആശുപത്രിയിലുള്ള റിസ്‌വാന്‍, റാഫി എന്നീ കുട്ടികള്‍ അപകടനില തരണം ചെയ്തതായാണ് വിവരം. കിംസ് ആശുപത്രിയിലുള്ള ജാനകി അപകടനില തരണം ചെയ്തു. ഡ്രൈവര്‍ സുമേഷിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

രാവിലെ എട്ടരയോടെ പേട്ട ലിറ്റില്‍ ഹാര്‍ട്ട് നഴ്‌സറി സ്‌കൂളിലെ കുട്ടികളെ കൊണ്ടുപോയിരുന്ന വണ്ടിയാണ് അപകടത്തില്‍ പെട്ടത്. സാധാരണ 14 കുട്ടികളാണ് വാനില്‍ യാത്ര ചെയ്യാറുണ്ടായിരുന്നതെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു. ഇന്ന് രണ്ട് കുട്ടികള്‍ ലീവായിരുന്നു.

ചാക്ക ബൈപ്പാസില്‍ കരിക്കകം ക്ഷേത്രത്തിന് സമീപം പാര്‍വതി പുത്തനാറിലേക്കാണ് വാന്‍ മറിഞ്ഞത്. റോഡിലെ കല്ലില്‍ തട്ടി നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. പായല്‍ നിറഞ്ഞുകിടക്കുന്നതിനാല്‍ പാര്‍വതി പുത്തനാറില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു.

ജലവിഭവമന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, എം.എല്‍.എമാര്‍ തുടങ്ങിയ നേതാക്കള്‍ സ്ഥലത്തെത്തി. ആരോഗ്യമന്ത്രി പി.കെ.ശ്രീമതി ആശുപത്രിയിലെത്തിയിട്ടുണ്ട്. ഐ.ജിയോട് സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.