എഡിറ്റര്‍
എഡിറ്റര്‍
തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പാര്‍ട്ടി വി.എസിനെ തള്ളും: കെ.കെ രമ
എഡിറ്റര്‍
Monday 24th March 2014 6:51am

k.k-rama-22

കൊല്ലം: തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ വി.എസിനെ പാര്‍ട്ടി കൂടെ നിര്‍ത്തുമെന്നും അത് കഴിഞ്ഞാല്‍ അദ്ദേഹത്തെ തള്ളുമെന്ന് ആര്‍ക്കാണ് ആറിഞ്ഞുകൂടാത്തതെന്നും  ആര്‍.എം.പി നേതാവും ടി.പിയുടെ ഭാര്യയുമായ കെ.കെ രമ.

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ ഒപ്പം നിര്‍ത്തിയത് കൊണ്ട് സി.പി.ഐ.എമ്മിനും ഇടത് മുന്നണിയ്ക്കും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാകില്ലെന്നും അവര്‍ വ്യക്തമാക്കി. പാര്‍ട്ടി നിലപാടുകള്‍ക്കൊപ്പം നിന്നിട്ടും തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടല്ലോ എന്ന് വി.എസിന് അഭിമാനിയ്ക്കാമെന്നും രമ പറഞ്ഞു.

എന്താണ് വി.എസിന്റെ കാലുമാറ്റത്തിന് കാരണമെന്ന് മനസിലായിട്ടില്ല. ജനം ഇത് വിലയിരുത്തും. ഫയാസിനെ പോലുള്ള സ്വര്‍ണ്ണക്കള്ളക്കടത്തുകാര്‍ക്ക് ടി.പി വധത്തില്‍ പങ്കുണ്ടെന്നും അന്വേഷണം സി.ബി.ഐയ്ക്ക് വിടണമെന്നും ആവശ്യപ്പെട്ടാണ് വി.എസ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് കത്തയച്ചത്.എന്നാലിപ്പോള്‍ കൊലപാതകം പ്രാദേശിക വിഷയമാണെന്ന് പറയുന്നു- രമ പറഞ്ഞു.

ടി.പിയ്ക്ക് പോലീസ് സംരക്ഷണം കൊടുത്തിട്ടില്ലെന്ന വി.എസിന്റെ പരാമര്‍ശം തെറ്റാണെന്നും ഒപ്പമുള്ള പാര്‍ട്ടിയെ ആട്ടിയോടിച്ചിട്ടാണ് കൊല്ലത്ത് സി.പി.ഐ.എം മത്സരിക്കുന്നതെന്നും രമ വിമര്‍ശിച്ചു. ആര്‍.എം.പി എക്കാലത്തും കോണ്‍ഗ്രസിനെ എതിര്‍ത്തിട്ടുണ്ടെന്നും കൊല്ലം പ്രസ് ക്ലബ്ബിന്റെ ലോക്‌സഭ 2014ല്‍ പങ്കെടുക്കവെ രമ വ്യക്തമാക്കി.

ആര്‍.എം.പിയും രമയും കോണ്‍ഗ്രസിന്റെ വാലാണെന്ന് വി.എസ് നേരത്തെ പറഞ്ഞിരുന്നു. ടി.പി ചന്ദ്രശേഖരന്റെ വധം ഒരു പ്രദശത്ത് മാത്രം നടന്ന കാര്യമാണ്. അതുകൊണ്ട് പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കാന്‍ കഴിയില്ലെന്നും സി.പി.ഐ.എം പേലുള്ള ഒരു അഖിലേന്ത്യ പാര്‍ട്ടിയെ ഒരു പ്രദേശത്തെ പ്രശ്‌നത്തിന്റെ പേരില്‍ വളഞ്ഞിട്ട് ആക്രമിക്കുന്നത് ശരിയല്ലെന്നും വി.എസ് പറഞ്ഞിരുന്നു.

Advertisement